ഷൂസിനുള്ളിൽ ചെറു അറകൾ, വസ്ത്രങ്ങൾക്കടിയിലും ഒക്കെയായി ഒളിപ്പിച്ചത് കിലോ കണക്കിന് സ്വർണം, പിടി വീണു

0
178

ഹൈദരാബാദ്: വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. സുഡാനിൽ നിന്നെത്തിയ 23 യാത്രക്കാരിൽ നിന്നായി 14.09 കിലോ സ്വർണ്ണം  പിടിച്ചു. സുഡാനിൽ നിന്ന് ഷാർജ വഴിയാണ് ഇവരെത്തിയത്. ഷൂസിനുള്ളിലെ ചെറു അറകളിലും വസ്ത്രങ്ങൾക്കിടയിൽ നിന്നുമാണ് സ്വർണം പിടിച്ചത്. പിടിച്ചെടുത്ത സ്വർണത്തിന് എട്ട് കോടി രൂപയോളം വില വരും. ഹൈദരാബാദ് വിമാനത്താവളത്തിൽ അടുത്തിടെ കസ്റ്റംസ് നടത്തിയ ഏറ്റവും വലിയ സ്വർണവേട്ടയാണിത്.

അതേസമയം, കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരു കോടിയിലധികം വരുന്ന സ്വർണ്ണം പിടികൂടിയിരുന്നു. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 1,832 ഗ്രാം സ്വർണമാണ് പിടികൂടിയത്. കാസർകോട് സ്വദേശി സൈഷാദിൽ നിന്നാണ് സ്വർണം പിടിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തു.  ദുബായില്‍ നിന്നും സ്വര്‍ണ്ണം പൂശിയ പാന്‍റും ഷര്‍ട്ടും ധരിച്ചെത്തിയ യാത്രക്കാരനെ കഴിഞ്ഞ ദിവസമാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് പുറത്തുവെച്ച് പൊലീസ് പിടികൂടിയത്. വസ്ത്രത്തില്‍ ഒരു കോടിയോളം രൂപയുടെ സ്വര്‍ണ്ണ മിശ്രിതം തേച്ചുപിടിപ്പിച്ചു കൊണ്ടുവന്ന വടകര സ്വദേശി മുഹമ്മദ് സഫുവാനായിരുന്നു പിടിയിലായത്. കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.

ദുബായില്‍ നിന്നുള്ള വിമാനത്തില്‍ രാവിലെ എട്ടരയോടെയാണ് മുഹമ്മദ് സഫ്വാന്‍ കരിപ്പൂരില്‍ എത്തിയത്. പാന്റിലും ബനിയനിലും ഉള്‍ഭാഗത്ത്  സ്വര്‍ണ്ണമിശ്രിതം തേച്ചുപിടിപ്പിച്ച് കൊണ്ടുവന്ന മുഹമ്മദ് സഫുവാന്‍ കസ്റ്റംസ് പരിശോധന വെട്ടിച്ചാണ് കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് പുറത്തെത്തിയത്. എന്നാല്‍ ഇയാള്‍ വരുന്നതിനെ കുറിച്ച് രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. പൊലീസ് പരിശോധനയിലാണ് യാത്രക്കാരന്‍ വിദഗ്ദമായി സ്വര്‍ണ്ണമിശ്രിതം കൊണ്ടുവന്നത് കണ്ടുപിടിച്ചത്. സ്വര്‍ണ്ണമിശ്രിതം തേച്ചുപിടിപ്പിച്ച വസ്ത്രഭാഗങ്ങള്‍ തൂക്കി നോക്കിയപ്പോള്‍ 2.205 കിലോയാണ് ഭാഗം. ഇതില്‍ നിന്നും 1.750 തൂക്കമുള്ള സ്വര്‍ണ്ണ മിശ്രിതമാണ് വേര്‍തിരിച്ചെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here