നൃത്തം ചെയ്യുക എന്നത് ചില്ലറ കാര്യമല്ല. അനേകം അനേകം നൃത്തരൂപങ്ങൾ ഈ ലോകത്തുണ്ട്. അതിൽ ശാസ്ത്രീയനൃത്തങ്ങളും ഓരോ നാടിന്റെയും സംസ്കാരവുമായി ചേർന്ന് നിൽക്കുന്ന നൃത്തങ്ങളും എല്ലാം ഉണ്ട്. എന്നാൽ, ഈ നൃത്തം കാണുമ്പോൾ ആരും ഒന്ന് അതിശയിച്ച് പോവും. അത്രയേറെ പ്രയാസമാണ് എന്ന് തോന്നുന്ന ചുവടുകളാണ് ഈ കലാകാരന്മാർ വയ്ക്കുന്നത്. ഓൺലൈനിൽ വൈറലാവുന്ന ഈ നൃത്തത്തിന്റെ പേര് സാവുലി.
അസാധ്യമെന്ന് ആരും പറഞ്ഞുപോകുന്നത്ര ചടുലമായിട്ടാണ് ഈ നൃത്തത്തിന്റെ ചുവടുകൾ. ഇത് ആഫ്രിക്കയിൽ നിന്നുള്ള കലാരൂപമാണ്. ഗുരോ ഭാഷ സംസാരിക്കുന്ന ഗോത്ര വിഭാഗമാണ് പ്രധാനമായും ഈ നൃത്തം അവതരിപ്പിക്കുന്നത്. സെൻട്രൽ ഐവറി കോസ്റ്റിലാണ് ഈ സാവുലി നൃത്തം കൂടുതലും കാണുന്നത്. ഈ നൃത്തം അവതരിപ്പിക്കുന്ന കലാകാരന്മാർ മുഖത്ത് ഒരു മാസ്ക് വച്ചിരിക്കുന്നതായി കാണാം. ആ മാസ്ക് അറിയപ്പെടുന്നത് സാവുലി മാസ്ക് എന്നാണ്.
തിളങ്ങുന്ന പർപ്പിൾ നിറത്തിലുള്ള ഈ മാസ്‌ക് 1950 -കളിൽ എപ്പോഴോ രൂപകൽപ്പന ചെയ്‌തതാണെന്ന് കരുതപ്പെടുന്നു. ഡിജെല ലൂ സാവുലി എന്ന പെൺകുട്ടിയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. പുരുഷ കലാകാരന്മാരാണ് ഈ നൃത്തം പ്രധാനമായും അവതരിപ്പിക്കുന്നത് എങ്കിലും ഈ നൃത്തം അറിയപ്പെടുന്നത് സ്ത്രീകൾക്ക് ആദരം എന്നോണമാണ്. മുഖത്ത് ഈ മാസ്ക് ധരിച്ച് കഴിഞ്ഞാൽ കലാകാരന്മാർ ആ ആത്മാവിനെ പ്രതിനിധീകരിക്കും എന്നാണ് കരുതുന്നത്. അതിനാൽ തന്നെ നമ്മുടെ തെയ്യവുമായി ഇതിന് സാദൃശ്യം പറയാറുണ്ട്.
ഏതായാലും, ഈ സാവുലി നൃത്തത്തിന്റെ വീഡിയോ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. അനേകം പേരാണ് ലോകത്തിന്റെ നാനാഭാഗത്തു നിന്നും വീഡിയോ കണ്ടത്. അസാധ്യമായ പ്രകടനം കണ്ട് പലരും അത്ഭുതപ്പെട്ടു. ‘ഇത് സെൻട്രൽ ഐവറി കോസ്റ്റിൽ നിന്നുള്ള സാവുലി നൃത്തമാണ്. ലോകത്തിലെ തന്നെ അസാധ്യമായ നൃത്തം’ എന്ന് അതിന് അടിക്കുറിപ്പും നൽകിയിട്ടുണ്ട്.
വീഡിയോ കാണാം:
This is "Zaouli" dance of Central Ivory Coast and is labelled as the most impossible dance in the world! pic.twitter.com/1F3SSzhF3O
— Figen (@TheFigen_) January 12, 2023