‘ഇത് കായികതാരങ്ങളുടെ പ്രതിഷേധം’: വൃന്ദ കാരാട്ടിനോട് വേദി വിടാൻ ആവശ്യപ്പെട്ട് സമരക്കാർ – വിഡിയോ

0
176

ന്യൂഡൽഹി∙ ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങും പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് 200-ഓളം ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിനിടെ എത്തിയ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനോട് വേദി വിടാൻ ആവശ്യപ്പെട്ട് സമരക്കാർ. ‘‘ദയവായി ഇറങ്ങിപ്പോകൂ മാഡം. ഇതിനെ രാഷ്ട്രീയമാക്കരുതെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു. ഇത് കായികതാരങ്ങളുടെ പ്രതിഷേധമാണ്’’– ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവ് ബജ്‌രംഗ് പുനിയ പറഞ്ഞു. പ്രതിഷേധത്തിന്റെ രണ്ടാം ദിവസത്തിന്റെ ഭാഗമായാണ് വൃന്ദ കാരാട്ട് ഡൽഹിയിലെ ജന്തർ മന്തറിലെ സമരവേദിയിലെത്തിയത്.

‘‘ലൈംഗികാതിക്രമത്തിനും സ്ത്രീകളെ അപമാനിക്കുന്നതിനും എതിരായ പോരാട്ടത്തിലാണ്. അതിനാൽ, സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാൻ ഞങ്ങൾ ഇവിടെയുണ്ട്’’ – എന്നു പിന്നീട് വൃന്ദ കാരാട്ട് പ്രതികരിച്ചു. ‘‘ഗുസ്തി താരങ്ങൾ ഇവിടെ വന്ന് സമരം ചെയ്യാൻ നിർബന്ധിതരാകുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ഏതു പാർട്ടിയുടെ സർക്കാരായാലും സ്ത്രീകളുടെ  പരാതിയിൽ നടപടി ഉറപ്പാക്കണം. അന്വേഷണം അവസാനിക്കുന്നതുവരെ കുറ്റാരോപിതനായ വ്യക്തിയെ മാറ്റി നിർത്തണം’’– അവർ ആവശ്യപ്പെട്ടു.

സർക്കാരിന്റെ ഭാഗത്തുനിന്നെത്തിയ ബിജെപി നേതാവും ഒളിംപ്യനുമായ ബബിത ഫോഗട്ട് സമരക്കാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ‘‘ഞാനും ഗുസ്തി താരമായിരുന്നു. ബിജെപി സർക്കാർ ഗുസ്തി താരങ്ങൾക്കൊപ്പമാണ്. ഇക്കാര്യത്തിൽ ഇന്ന് തന്നെ നടപടിയെടുക്കുമെന്ന് ഉറപ്പാക്കും. ഞാനൊരു ഗുസ്തി താരവും സർക്കാരിന്റെ പ്രതിനിധിയുമായതിനാൽ മധ്യസ്ഥത വഹിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഇത്തരം സംഭവങ്ങൾ എന്റെ കരിയറിനിടയിലും കേട്ടിട്ടുണ്ട്’’ – ബബിത ഫോഗട്ട് പറഞ്ഞു.

ആരോപണങ്ങൾക്ക് 72 മണിക്കൂറിനുള്ളിൽ മറുപടി നൽകാൻ ദേശീയ ഗുസ്തി ഫെഡറേഷനോട് (ഡബ്ല്യുഎഫ്‌ഐ) കായിക മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിജ്ഭൂഷൺ ശരൺ സിങ് ആരോപണങ്ങൾ നിഷേധിച്ചിരുന്നു. ഒളിംപ്യൻ വിനേഷ് ഫോഗട്ട് ആരോപണങ്ങളുമായി പരസ്യമായി രംഗത്തെത്തിയതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. ബജ്‌രംഗ് പുനിയ, സാക്ഷി മാലിക് എന്നിവരുൾപ്പെടെ നിരവധി ഗുസ്തി താരങ്ങളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here