അഹമ്മദാബാദ്: മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്നെറിഞ്ഞ് കൊന്ന് മാതാവ്. ഗുജറാത്തിലെ അഹമ്മദാബാദ് സിവിൽ ആശുപത്രിയുടെ മുകളിൽ നിന്നാണ് പെൺകുഞ്ഞിനെ 23കാരി താഴേക്കെറിഞ്ഞത്. സംഭവത്തിൽ പ്രതിയായ മാതാവ് അറസ്റ്റിലായി.
ആനന്ദ് ജില്ലയിലെ പെട്ലാഡ് താലൂക്കിലെ ഫർസാനാ ബാനു മാലിക് ആണ് പിടിയിലായത്. കുഞ്ഞായ അംറിൻ ബാനു ജനിച്ചപ്പോൾ മുതൽ അസുഖബാധിതയായതിനാലും അവൾ വളരെയധികം വേദന അനുഭവിക്കുന്നത് കണ്ട് സഹിക്കാൻ പറ്റാത്തതിനാലുമാണ് താൻ ഇത്തരമൊരു കൃത്യം ചെയ്തതെന്നാണ് മാതാവ് പറഞ്ഞതെന്ന് എസിപി പി.പി പിരോജിയ പറഞ്ഞു.
കൊലപ്പെടുത്തിയ ശേഷം കുട്ടിയെ, ആശുപത്രിയിൽ നിന്ന് കാണാതായെന്ന വാദവുമായി യുവതി രംഗത്തെത്തിയിരുന്നു. എന്നാൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സത്യം മറ്റൊന്നാണ് വ്യക്തമായത്. രണ്ടാഴ്ചയായി കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുഞ്ഞുമായി യുവതി മുകളിലേക്ക് കയറിപ്പോവുന്നത് സി.സി.ടി.വിയിൽ കാണാമായിരുന്നു. എന്നാൽ തിരിച്ചിറങ്ങി വരുമ്പോൾ കൈയിൽ കുഞ്ഞുണ്ടായിരുന്നില്ല. അംറിന്റെ മൃതദേഹം ആശുപത്രി കോമ്പൗണ്ടിൽ നിന്ന് ജീവനക്കാർ കണ്ടെടുത്തു. യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്- എസിപി പറഞ്ഞു.
കുട്ടി ജനിച്ചയുടനെ അസുഖം ബാധിച്ച് വഡോദരയിലെ എസ്‌എസ്‌ജി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. അവിടെ 24 ദിവസം ചികിത്സയിലായിരുന്നു എന്ന് ഷാഹിബാഗ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നു.
മലിന ജലം കഴിച്ചതാണ് അസുഖത്തിന് കാരണമെന്ന് വഡോദരയിലെ ഡോക്ടർമാർ പറഞ്ഞതായി കുട്ടിയുടെ പിതാവ് ആസിഫ് പൊലീസിനോട് പറഞ്ഞു. കുട്ടിയുടെ നില വഷളായതിനെ തുടർന്ന് ഡിസംബർ 14ന് നദിയാഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് അഹമ്മദാബാദ് സിവിൽ ആശുപത്രിയിലേക്ക് മാറ്റിയത്.
സിവിൽ ഹോസ്പിറ്റലിൽ നിന്ന് മകളെ കാണാതായെന്ന് പ്രതി പറഞ്ഞതിനെത്തുടർന്ന് ആസിഫ് അവിടെയുള്ള ജീവനക്കാരെ അറിയിക്കുകയും പൊലീസിനെ വിളിക്കുകയും ചെയ്തതായും എഫ്.ഐ.ആറിൽ പറയുന്നു.