ഫുട്‌ബോൾ റോഡിലേക്ക് ഉരുണ്ടു, ബൈക്കിൽ തട്ടി; മറിഞ്ഞുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

0
323

മലപ്പുറം: നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് മറിഞ്ഞുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി യുവതിക്ക്  ദാരുണാന്ത്യം. തൃക്കലങ്ങോട് 32-ൽ തട്ടാൻ കുന്ന് സ്വദേശി ഫാത്തിമ സുഹ്‌റ (38) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30 ടെ ഒതായി വെള്ളച്ചാലിൽ വെച്ചാണ് അപകടം. ഇന്നലെ വൈകുന്നേരം അരീക്കോട് മൈത്രയിലെ ബന്ധുവീട്ടിൽ നിന്ന് വിവാഹത്തിൽ പങ്കെടുത്ത് സഹോദരനൊപ്പം ബൈക്കില്‍ വരവെയാണ് ഫാത്തിമ അപകടത്തില്‍പ്പെടുന്നത്.

വിവാഹ വീട്ടില്‍ നിന്നും കാരക്കുന്നുള്ള ഭർത്താവിന്‍റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒതായി കിഴക്കേത്തല വെള്ളച്ചാലിൽ വെച്ചാണ് ഫാത്തിമ അപകടത്തിൽപ്പെട്ടത്. റോഡരികിൽകളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ ഫുട്‌ബോൾ റോഡിലേക്ക് വന്ന് വീഴുകയും ഇത് ബൈക്കിൽ തട്ടുകയും ചെയ്തു. പന്തില്‍ തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയും ചെയ്തു. ഇതോടെ ബൈക്കിന് പിറകിൽ യാത്ര ചെയ്തിരുന്ന ഫാത്തിമ റോഡിലേക്കും ബൈക്കിലുണ്ടായിരുന്ന മറ്റുള്ളവർ റോഡരുകിലേക്കും തെറിച്ച് വീണു.

ഈ സമയം പിറകേ വന്നിരുന്ന ടോറസ് ലോറി യുവതിയുടെ ശരീരത്തിൽ കയറിയിറങ്ങുകയായിരുന്നു. ഫാത്തിമ തത്ക്ഷണം മരിച്ചു. കൂടെ സഞ്ചരിച്ചിരുന്ന സഹോദരനും കുട്ടികൾക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ ഫാത്തിമയെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്‌തെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. സംഭവസ്ഥലത്ത് പൊലീസും ഫയർഫോഴ്സും എത്തി തുടര്‍ നടപടികൾ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here