കഴിച്ചാൽ വയറ്റിൽ തിരയിളക്കം ഉറപ്പ്, മരണം വരെ സംഭവിക്കാം; എന്താണ് സുനാമി ഇറച്ചി?

0
344

തിരുവനന്തപുരം: അടുത്ത കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ മൂലം ആളുകള്‍ മരണപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം പരിശോധനകള്‍ ശക്തമാക്കുകയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇത്തരം പരിശോധനകളില്‍ സുനാമി ഇറച്ചി പിടിച്ചുവെന്ന വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ എന്താണ് സുനാമി ഇറച്ചി എന്നതിനേക്കുറിച്ച് അധികം ആര്‍ക്കും അറിയില്ലെന്നതാണ് വസ്തുത.

എന്താണ് സുനാമി ഇറച്ചി? 

സംസ്ഥാനത്ത് രണ്ട് തരത്തിലുള്ള മാംസം ലഭ്യമാണ് എന്നാണ് ഇതുവരെയുള്ള റിപ്പോ‍ർട്ടുകൾ. 1. വൃത്തിയുള്ള സ്ഥലത്ത് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് കശാപ്പ് ചെയ്ത് ഫ്രഷ് ആയതും കൃത്യമായി ഫ്രീസ് ചെയ്തുമുള്ള മാംസം, 2. ചത്ത മൃ​ഗങ്ങളുടെ അടക്കം ഇറച്ചി അപകടകരമായി വിപണിയിൽ എത്തിക്കുന്നത്. ഇവയിൽ ശരിയായ രീതിയിൽ കശാപ്പ് ചെയ്യാത്ത മൃഗങ്ങളുടെയോ ശാസ്ത്രീയമായി ഫ്രീസ് ചെയ്യാത്ത ഇറച്ചിയെയോ ആണ് സാധാരണ സുനാമി ഇറച്ചി എന്നുപറയുന്നത്. വിലക്കുറവാണ് സുനാമി ഇറച്ചിയുടെ ഹൈലൈറ്റ്. ഇത് കോഴിയുടേതോ കാലിയുടേതോ മറ്റേത് തരത്തിലുള്ളതോ ആയ മാംസമാവാം. അസുഖം മൂലം ചത്ത് പോയ മൃഗങ്ങളുടെ ഇറച്ചി വരെ ഈയിനത്തില്‍ ഉള്‍പ്പെടുന്നു.

മാര്‍ക്കറ്റിലെ വിലയേക്കാളും താഴ്ന്ന വിലയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇറച്ചി വിതരണം ചെയ്യുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതില്‍ ഏറിയ പങ്കും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്നതാണ്. കൃത്യമായ നടപടി ക്രമങ്ങള്‍ പാലിക്കാതെ വേണ്ട രീതിയില്‍ ഫ്രീസ് ചെയ്യാതെ കൊണ്ടുവരുന്നതാണ് ഇത്. അതുകൊണ്ട് തന്നെ ഇത് കേരളത്തില്‍ എത്തുമ്പോള്‍ അഴുകാനുള്ള സാധ്യതകളും ഏറെയാണ്.

ഇത്തരത്തില്‍ കൊണ്ടുവരുന്നത് മാംസം തന്നെ ആയിക്കൊള്ളണമെന്നില്ല. കശാപ്പ് ചെയ്യാത്ത ചത്ത മൃഗങ്ങളുടെ ഇറച്ചിയും ആന്തരികാവയവങ്ങളും ഇറച്ചിയോടൊപ്പം കൂട്ടിക്കലര്‍ത്തി ഇത്തരത്തില്‍ കൊണ്ടുവരാറുണ്ട്. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ കൊണ്ടുവരുന്ന ഇത്തരം ഇറച്ചി ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഉപയോഗിക്കുന്നത് അപകടകരമാണ്. അതേസമയം സംസ്ഥാനത്തേക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് ആന്ധ്രയില്‍ നിന്നും തമിഴ്നാട്ടില്‍ മധ്യപ്രദേശില്‍ നിന്നുമൊക്കെ മാംസവും മീനും കൊണ്ടുവരുന്നുണ്ട്. അതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള എല്ലാ മാംസങ്ങളും സുനാമി ഇറച്ചിയാണ് എന്ന് പറയാനാവില്ല.

പിടിക്കപ്പെട്ടാല്‍?

സുനാമി ഇറച്ചിയുടെ ഉപയോഗം കുറ്റകരമാണ്. ഉപയോഗിക്കുന്നതും കൊണ്ടുവരുന്നതും പഴകിയ ഉപയോഗിക്കാന്‍ പറ്റാത്ത ഇറച്ചി ആണെന്ന് ലാബിലെ പരിശോധനയില്‍ തെളിഞ്ഞാല്‍ ഭക്ഷ്യ സുരക്ഷാ നിയമത്തിലെ സുരക്ഷിതമല്ലാത്ത മാംസ വില്‍പന നടത്തിയെന്ന കുറ്റമാണ് ചുമത്തുക.  ഇന്ത്യയിലെ നിലവിലെ ശിക്ഷാ രീതി അനുസരിച്ച് ആറ് മാസം വരെ തടവും  പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇത്.

സുനാമി ഇറച്ചി കേരളത്തില്‍

ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ഇത്തരമൊരു പരാമര്‍ശം ഇതുവരേയില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ പരിശോധനയില്‍ പഴകിയ ഇറച്ചി പിടിക്കുന്നുണ്ട്. പക്ഷേ അതെല്ലാം സുനാമി ഇറച്ചിയാണെന്ന് പറയാനാവില്ല. ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ ലാബുകളിലെ പരിസോധനകളില്‍ ഇങ്ങനെയൊന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സംസ്ഥാനത്ത് മൂന്ന് ലാബുകളെയാണ് ഭക്ഷണ സാംപിളുകളുടെ പരിശോധനയ്ക്കായി ആശ്രയിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായാണ് ഈ ലാഹൃബുകള്‍ പ്രവര്‍ത്തിക്കുന്നത്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്നുവെന്ന വിവരമല്ലാതെ ഇത്തരം ഇറച്ചി പിടിച്ചെടുക്കാനായിട്ടില്ല. പല തവണ ഇത്തരം വിവരമനുസരിച്ച് സാംപിളുകളെടുത്ത് പരിശോധന നടത്തിയിട്ട് പ്രശ്നങ്ങള്‍ കണ്ടെത്താനായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here