തൃശൂർ: വീടുകളിലും സ്ഥാപനങ്ങളിലുമെത്തി അജൈവ മാലിന്യം ശേഖരിക്കുന്ന ഹരിതകർമ്മ സേനയ്ക്ക് യൂസർഫീ നൽകിയില്ലെങ്കിൽ പിടി വീഴും. യൂസർ ഫീ പിരിക്കാൻ നിയമമില്ലെന്ന കാരണം പറഞ്ഞ് ഹരിതകർമ്മ സേനയ്‌ക്കെതിരെ പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണിത്.
തദ്ദേശസ്ഥാപനത്തിനുള്ള തുക നൽകാതിരുന്നാൽ ലൈസൻസ് അടക്കമുള്ളവ നൽകേണ്ടതില്ലെന്ന് തീരുമാനിക്കാനുള്ള വ്യവസ്ഥ കർശനമാക്കാനാണ് നീക്കം. സേനയ്ക്കെതിരെയുള്ള പ്രചാരണത്തിനെതിരെ മന്ത്രി എം.ബി. രാജേഷും രംഗത്തെത്തിയിരുന്നു. പ്ലാസ്റ്റിക് മാലിന്യം സേനയ്ക്ക് കൈമാറാത്തവർക്കും യൂസർഫീ നൽകാത്തവർക്കും അലക്ഷ്യമായി വലിച്ചെറിയുന്നവർക്കും കത്തിക്കുന്നവർക്കുമെതിരെ 10000 മുതൽ 50000 രൂപ വരെ പിഴ ചുമത്താൻ ബൈലോയിലൂടെ തദ്ദേശസ്ഥാപന സെക്രട്ടറിമാരെ അധികാരപ്പെടുത്തിയിട്ടുണ്ട്. നവമാദ്ധ്യമങ്ങൾ വഴിയുള്ള തെറ്റായ പ്രചാരണത്തിനെതിരെ തദ്ദേശവകുപ്പ് നിയമനടപടി ആലോചിച്ചുവരികയാണ്.
ഹരിതകർമ്മസേന വഴി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനും യൂസർഫീ ഈടാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങൾക്ക് നിയമപരമായ അധികാരമുണ്ട്. സേനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന്റെ ഉത്തരവാദിത്വങ്ങളിൽ യൂസർഫീ നിർബന്ധമാക്കാൻ നടപടികളെടുക്കാനും നിർദ്ദേശമുണ്ട്.
വിവാദം വന്ന വഴി
പഞ്ചായത്തുകളിലെ സേവനത്തിന് ഹരിതകർമ്മസേനയ്ക്ക് ഫീസടച്ച രസീത് നിർബന്ധമില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് ദുഷ്‌പ്രചാരണം. നിലവിൽ അത്തരം നിയമങ്ങളോ ഉത്തരവുകളോ ഇല്ലെന്നതിനെ ഹരിതകർമ്മസേനയ്ക്ക് പണം കൊടുക്കാൻ നിയമമില്ലെന്ന് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ഇതിന്റെ മറപിടിച്ച് വ്യാജവാർത്തകളും നുണപ്രചാരണവും നിരന്തരം പടച്ചുവിടുന്നവർക്കെതിരെയും നിയമ നടപടിയെടുക്കാനാണ് സർക്കാർ തീരുമാനം. തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്.
കേരളത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾ – 30,890
നവംബർ വരെ നീക്കിയത് 5,515 ടൺ പ്ലാസ്റ്റിക് മാലിന്യംഹരിതകർമ്മസേനയ്‌ക്കെതിരെ നടക്കുന്ന പ്രചാരണം അപലപനീയമാണ്. അവരുടെ സേവനത്തിന് സർക്കാർ ഏർപ്പെടുത്തിയ 50 രൂപ വലിയ കൊള്ളയാണെന്ന് ചിത്രീകരിക്കുന്നത് ക്രൂരതയാണ്. മാലിന്യമുക്ത കേരളത്തിലേക്കുള്ള പ്രയാണത്തെ അട്ടിമറിക്കാനാണ് ശ്രമം.
– മന്ത്രി എം.ബി. രാജേഷ്