പാകിസ്താനിൽ കായിക മന്ത്രിയായി വഹാബ് റിയാസ്‌: പിഎസ്എല്ലും കളിക്കും

0
169

ലാഹോര്‍: പാകിസ്താന്‍ ക്രിക്കറ്റര്‍ വഹാബ് റിയാസിനെ പഞ്ചാബ് പ്രവിശ്യയുടെ കായിക മന്ത്രിയായി തെരഞ്ഞെടുത്തു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായിരിക്കെയാണ് താരത്തിന് കായിക മന്ത്രാലയത്തിന്റെ താത്കാലിക ചുമതല ഏല്‍പ്പിക്കുന്നത്. മോശം ഫോമിലായതിനാല്‍ ഏറെ നാളായി പാക് ടീമില്‍ നിന്ന് പുറത്താണ് റിയാസ്.

നിലവിൽ ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കളിക്കുന്ന ഇടങ്കയ്യൻ ഫാസ്റ്റ് ബൗളർ പാകിസ്താനില്‍ തിരിച്ചെത്തിയ ശേഷം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 2020ലാണ് പാകിസ്താന് വേണ്ടി അവസാനമായി വഹാബ് കളിച്ചത്. 27 ടെസ്റ്റുകളിലും 92 ഏകദിനങ്ങളിലും 36 ടി20 മത്സരങ്ങളിലും പാകിസ്താന് വേണ്ടി കളിച്ചു. 103 വിക്കറ്റുമായി പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ(പിഎസ്എല്‍) വിക്കറ്റ് വേട്ടക്കാരില്‍ മുമ്പന്തിയിലാണ്. പെഷവാര്‍ സല്‍മിക്ക് വേണ്ടിയാണ് പിഎസ്എല്ലില്‍ വഹാബ് കളിക്കുന്നത്.

മന്ത്രിയായാലും പിഎസ്എല്ലില്‍ വബാഹ് തുടര്‍ന്നും കളിക്കും. പഞ്ചാബ് പ്രവിശ്യയിലെ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെയാണ് വഹാബിനെ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. അടുത്ത രണ്ട് മൂന്ന് മാസത്തിനുള്ളില്‍ ഇവിടെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തന്നോടും ഷുഹൈബ് മാലിക്, സർഫറാസ് അഹമ്മദ് തുടങ്ങിയ മുതിർന്ന കളിക്കാരോടും മുന്‍ പാക് സെലക്ടറും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും നീതി പുലർത്തിയില്ലെന്ന് അടുത്തിടെ ഒരഭിമുഖത്തില്‍ വഹാബ് വെളിപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് താരത്തിന്റെ പൊടുന്നനേയുള്ള രാഷ്ട്രീയ പ്രവേശം. പാകിസ്താനില്‍ ക്രിക്കറ്റില്‍ നിന്ന് രാഷ്ട്രീത്തിലേക്ക് എത്തുന്ന ആദ്യത്തെ ആളൊന്നുമല്ല വഹാബ്. മുന്‍ നായകന്‍ ഇമ്രാന്‍ ഖാന്‍ പാകിസ്താന്റെ പ്രധാനമന്ത്രി വരെയായി. മറ്റൊരു പേസര്‍ സര്‍ഫറാസ് നവാസ്, ബേനസീര്‍ ഭൂട്ടോ സര്‍ക്കാരില്‍ കായിക മന്ത്രിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here