ദില്ലി: രാജ്യത്ത് ഔദ്യോഗിക തിരിച്ചറിയൽ രേഖയായി പരിഗണിക്കുന്ന ഒന്നാണ് ആധാർ കാർഡ്. ആധാർ കാർഡിൽ നൽകിയ വിലാസം തെറ്റിപ്പോയാലോ, അത് മാറ്റണമെങ്കിലോ എന്ത് ചെയ്യും? യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാർ ഉടമകൾക്ക് അവരുടെ ആധാർ കാർഡിലെ വിലാസം പുതുക്കുന്നതിനോ മാറ്റുന്നതിനോ ഇപ്പോൾ പുതിയ അവസരം നൽകിയിരിക്കുകയാണ്. ഇതിലെ ഏറ്റവും വലിയ ഗുണം എന്താണെന്നുവെച്ചാൽ പുതിയ രീതിയിൽ വിലാസം മാറ്റാനോ പുതുക്കാനോ ആധാർ ഉപയോക്താക്കൾക്ക് ഒരു തരത്തിലുള്ള രേഖകളും സമർപ്പിക്കേണ്ടതില്ല. അതായത്, ഒരു തരത്തിലുള്ള രേഖകളും കാണിക്കാതെ തന്നെ ആധാർ കാർഡിലെ വിലാസം മാറ്റാനോ അപ്‌ഡേറ്റ് ചെയ്യാനോ കഴിയും. കുടുംബനാഥന്റെ സമ്മതത്തോടെ ഓൺലൈനായി വിലാസം മാറ്റാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ചൊവ്വാഴ്ച അറിയിച്ചു.
കുടുംബനാഥന്റെ സമ്മതത്തോടെ ഓൺലൈനായി ആധാറിലെ വിലാസം അപ്ഡേറ്റ് ചെയ്യാൻ യുഐഡിഎഐ അനുവദിക്കുന്നു. റേഷൻ കാർഡ്, മാർക്‌ഷീറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് അല്ലെങ്കിൽ അപേക്ഷകന്റെയും കുടുംബനാഥന്റെയും ബന്ധം വ്യക്തമാക്കികൊണ്ട് നടപടികൾ ആരംഭിക്കാം. ബന്ധത്തിന്റെ തെളിവ് രേഖ ലഭ്യമല്ലെങ്കിൽ, യുഐഡിഎഐ നിർദ്ദേശിച്ച ഫോർമാറ്റിൽ കുടുംബനാഥന് സ്വയം പ്രഖ്യാപനം സമർപ്പിക്കാം.
വിവിധ കാരണങ്ങളാൽ ആളുകൾ താമസം മാറേണ്ടി വരുമ്പോൾ ഇത്തരത്തിൽ വിലാസം രേഖകളിൽ മാറ്റാൻ കഴിയുന്നത് വളരെ പ്രയോജനകരമാകും. യുഐഡിഎഐയുടെ ഔദ്യോഗിക പ്രസ്താവന പ്രകാരം 18 വയസ്സിന് മുകളിലുള്ള ആർക്കും
കുടുംബനാഥനാകാം. രേഖകൾ പങ്കിടാനും സാധിക്കും.
ആധാർ കാർഡിലെ വിലാസം എങ്ങനെ മാറ്റാം
ഘട്ടം 1: https://myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് തുറക്കുക.
ഘട്ടം 2: ഓൺലൈനിൽ വിലാസം അപ്ഡേറ്റ് ചെയ്യാൻ പുതിയ ഓപ്ഷൻ തിരഞ്ഞെടുക്കാം
ഘട്ടം 3: നിങ്ങൾ കുടുംബനാഥന്റെ ആധാർ നമ്പർ നൽകുക.
ഘട്ടം 4: കുടുംബനാഥനുമായുള്ള ബന്ധത്തിന്റെ തെളിവ് രേഖ അപ്‌ലോഡ് ചെയ്യുക.
ഘട്ടം 5: സേവനത്തിന് നിങ്ങൾ 50 രൂപ ഫീസ് നൽകണം.
ഘട്ടം 6: കുടുംബനാഥന് ലഭിച്ച ഒട്ടിപി നൽകുക
7: അറിയിപ്പ് ലഭിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ എന്റെ ആധാർ പോർട്ടലിൽ ലോഗിൻ ചെയ്‌ത് കുടുംബനാഥൻ അഭ്യർത്ഥന അംഗീകരിക്കുകയും അവരുടെ സമ്മതം നൽകുകയും വേണം.