മംഗളൂരു: വില്‍പ്പനക്കെത്തിച്ച കഞ്ചാവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ മംഗളൂരുവില്‍ പൊലീസ് പിടിയിലായി. കാസര്‍കോട് സ്വദേശി കിരണ്‍ രാജ് ഷെട്ടി (24), നീല്‍ കിഷോരിലാല്‍ റാംജിഷാ (35) എന്നിവരെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. വിശാഖപട്ടണത്ത് നിന്ന് മംഗളൂരുവിലേക്ക് കൊണ്ടുവന്ന കഞ്ചാവ് കെഎല്‍ 14 ഡബ്ല്യു 2182 നമ്പര്‍ ആള്‍ട്ടോ കാറില്‍ കാസര്‍കോട്ടേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് കിരണ്‍രാജ് ഷെട്ടി പൊലീസ് പിടിയിലായത്. 27.100 കിലോ ഗ്രാം കഞ്ചാവാണ് കാറില്‍ നിന്ന് കണ്ടെടുത്തത്. 9,88,500 രൂപ വിലവരുന്ന കഞ്ചാവും കാറും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു. കഞ്ചാവ് കടത്ത് സംഘത്തില്‍ മറ്റ് നിരവധി പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇയാള്‍ക്കെതിരെ കാസര്‍കോട് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്.
അറസ്റ്റിലായ നീല്‍ കിഷോരിലാല്‍ ഇന്ത്യന്‍ വംശജനായ വിദേശ പൗരനാണ്. ഇയാളുടെ ഫ്ളാറ്റില്‍ എത്തിച്ച കഞ്ചാവ് നാട്ടുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. 50,000 രൂപ വിലമതിക്കുന്ന 2 കിലോ കഞ്ചാവും രണ്ട് മൊബൈല്‍ ഫോണുകളും 7000 രൂപയും പൊലീസ് പിടിച്ചെടുത്തു. വിശാഖപട്ടണത്ത് നിന്നാണ് കിഷോരിലാല്‍ കഞ്ചാവ് വാങ്ങിയത്.