ടിക്കറ്റിനൊപ്പം ടൂറിസ്റ്റ് വിസ; സൗദിയിൽ എവിടെ വേണമെങ്കിലും സഞ്ചരിക്കാൻ അവസരം

0
220

ജിദ്ദ: സൗദി എയർലൈൻസിൽ ടിക്കറ്റെടുക്കുന്നവർക്ക് സൗജന്യ ടൂറിസ്റ്റ് വിസ നൽകുന്ന സേവനം ഉടൻ ആരംഭിക്കും. സൗദിയിൽ പ്രവേശിക്കുന്നവർക്ക് നാല് ദിവസം രാജ്യത്ത് ചെലവഴിക്കാനുള്ള സൗകര്യമാണ് പുതിയ വിസയിലൂടെ ലഭിക്കുക. ഇതിലൂടെ രാജ്യത്ത് എവിടെയും സഞ്ചരിക്കാനും ഉംറ നിർവഹിക്കാനും യാത്രക്കാർക്ക് അനുവാദമുണ്ടാകും.

നിങ്ങളുടെ ടിക്കറ്റ് ഒരു വിസയാകുന്നു എന്ന പദ്ധതിയിലൂടെ വൻ മാറ്റത്തിനാണ് സൗദി വഴി തുറക്കുന്നത്. സൗദി എയർലൈൻസ് വിമാനത്തിൽ സൗദിയിലേക്കുളള ടിക്കറ്റെടുക്കുന്ന യാത്രക്കാർക്ക് ടിക്കറ്റിനൊപ്പം സൗജന്യ ടൂറിസ്റ്റ് വിസയും നൽകുന്നതാണ് പദ്ധതി. രാജ്യത്ത് പ്രവേശിച്ചത് മുതൽ 96 മണിക്കൂർ അഥവാ നാല് ദിവസമാണ് വിസക്ക് കാലാവധിയുണ്ടാകുക. ഈ സമയത്തിനിടെ രാജ്യത്ത് എവിടെയും സഞ്ചരിക്കാനും വിനോദ സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാനും സാധിക്കും. കൂടാതെ മക്കയിൽ ഉംറ ചെയ്യാനും മദീന സന്ദർശനത്തിനും ഇങ്ങിനെ എത്തുന്നവർക്ക് അനുവാദമുണ്ട്.

യാത്രക്കാരന് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനൊപ്പം വിസക്ക് കൂടി അപേക്ഷിക്കാനുള്ള സൗകര്യം സൗദിയയുടെ പുതിയ ടിക്കറ്റിംഗ് സംവിധാനത്തിൽ ഉടൻ ഉൾപ്പെടുത്തുമെന്ന് സൗദി എയർലൈൻസ് വക്താവ് അബ്ദുല്ല അൽശഹ്റാനി വ്യക്തമാക്കി. വിസ ആവശ്യമുള്ളവർക്ക് മൂന്ന് മിനിറ്റിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. മറ്റു വിസ നടപടിക്രമങ്ങൾ പോലെ വിദേശകാര്യ മന്ത്രാലയത്തിെൻറ വെബ്‌സൈറ്റ് സന്ദർശിക്കേണ്ട ആവശ്യമില്ല.

പദ്ധതി പ്രകാരം വരുന്നവർക്ക് രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഇറങ്ങാം. സന്ദർശനം പൂർത്തിയാക്കി സൗകര്യപ്പെട്ട വിമാനത്താവളത്തിൽനിന്ന് മടങ്ങാനും അനുവാദമുണ്ട്. ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്ന മുസ്ലിംകളുടെ നിരന്തരമായ ആവശ്യമാണ് ടിക്കറ്റുമായി ബന്ധിപ്പിച്ച് ഇത്തരമൊരു വിസ സംവിധാനം ആരംഭിക്കാൻ പ്രേരിപ്പിച്ചതെന്ന് അബ്ദുല്ല അൽശഹ്റാനി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here