ഭക്ഷ്യസുരക്ഷാ നിയമ നടപടികള്‍ കര്‍ശനമാക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. നടപടികള്‍ വൈകുന്നത് ഭക്ഷ്യവിഷബാധ ആവര്‍ത്തിക്കാന്‍ കാരണമാകുന്നുവെന്നും നിശ്ചിത സമയത്തിനകം നിയമനടപടികള്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.
ഷവര്‍മ പോലുള്ള ഭക്ഷണ സാധനങ്ങള്‍ ഹോട്ടലില്‍ വെച്ച് കഴിയ്ക്കണമെന്നും പാഴ്‌സല്‍ കൊടുക്കുന്നത് നിര്‍ത്തിയാല്‍ നന്നാകുമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഒരാഴ്ചക്കിടെ രണ്ട് ഭക്ഷ്യവിഷബാധ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് വ്യാപക പരിശോധനകള്‍ നടക്കുകയാണ്. കാസര്‍കോട്ടെ ഭക്ഷ്യവിഷബാധ മരണത്തിന് പിന്നാലെയാണ് നടപടികള്‍ വേഗത്തിലായിരിക്കുന്നത്.
കാസര്‍കോട് ഭക്ഷ്യവിഷബാധ മൂലം 19 കാരി മരിച്ച സംഭവത്തില്‍ പെണ്‍കുട്ടി ചികിത്സ തേടിയ സ്വകാര്യ ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഭക്ഷ്യവിഷബാധയാണെന്ന നിഗമനത്തില്‍ ആശുപത്രി അധികൃതര്‍ എത്തിയിട്ടും ആരോഗ്യ വിഭാഗത്തെ അറിയിച്ചില്ലെന്നാണ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍.
ജനുവരി 1 നാണ് അഞ്ജുശ്രീ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. അന്ന് തന്നെ വീടിലേക്ക് മടങ്ങുകയും ചെയ്തു. തുടര്‍ന്ന് ജനുവരി അഞ്ചിന് വീണ്ടും ചികിത്സ തേടി. ആറാം തിയതി പെണ്‍കുട്ടി കുഴഞ്ഞ് വീഴുകയും ഇന്നലെ രാവിലെ മരണം സംഭവിക്കുകയുമായിരുന്നു.
അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും. വിദഗ്ധ പരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്ക് ആന്തരിക അവയവങ്ങള്‍ അയക്കും. അഞ്ജുശ്രീയുടെ മരണം ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതര അണുബാധ മൂലമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
*നിങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ മീഡിയവിഷൻ വാർത്തകൾ ലഭിക്കാൻ +919895046567 ഈ നമ്പർ ആഡ് ചെയ്യുക*