പൊതു ഇടങ്ങളില്‍ മൂത്രമൊഴിക്കരുതെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിരുന്നാലും പലര്‍ക്കും അതൊന്നും ബാധകമല്ലെന്ന മട്ടാണ്. പൊതു ഇടങ്ങളില്‍ മൂത്രമൊഴിക്കരുതെന്ന് എഴുതിവച്ചിരിക്കുന്നതിന്‍റെ താഴെയാകും പലരും മൂത്രമൊഴിക്കുന്നത്. ഇത്തരത്തില്‍ പൊതു ഇടങ്ങളില്‍ മൂത്രമൊഴിക്കുന്ന സ്ഥിതി ലണ്ടണിലും ഉണ്ട്. ഇത്തരത്തില്‍ പൊതു ഇടങ്ങളിലെ മതിലില്‍ മൂത്രമൊഴിക്കുന്നവരെ വരുതിയിലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അവിടെ.
പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നത് നിരുത്സാഹപ്പെടുത്താന്‍ ലണ്ടണ്‍ വെസ്റ്റ്മിനിസ്റ്റര്‍ സിറ്റി കൌണ്‍സില്‍ പുതിയ ഒരു നൂതനവിദ്യ വികസിപ്പിച്ചിരിക്കുകയാണ്. മൂത്രമൊഴിച്ചാല്‍ തിരിച്ചൊഴിക്കുന്ന മതിലുകളാണ് ഇവിടത്തെ പ്രത്യേകത. പ്രത്യേക തരം പെയിന്‍റ് ഉപയോഗിച്ച് തയ്യാറാക്കിയ ഇത്തരത്തില്‍ പ്രതികരണ ശേഷിയുള്ള മതിലുകള്‍ സെന്‍ട്രല്‍ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്ററിലുള്ള സോഹോയിലാണ് ഉള്ളത്.
മതിലുകളില്‍ സുതാര്യമായ ഒരു പ്രതലമുള്ളതാണ് ഇങ്ങനെ മൂത്രം തിരിച്ചു വരാന്‍ കാരണം. ഇത്തരത്തിലുള്ള ജലപ്രതിരോധ പ്രതലത്തിലേയ്ക്ക് ഏത് തരത്തിലുള്ള വെള്ളം ഒഴിച്ചാലും തിരികെവരും എന്ന ശാസ്ത്രമാണ് ഇതിന് പിന്നില്‍. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്.
ബാറുകളും റസ്റ്റോറെന്‍റുകളും തീയറ്ററുകളുമൊക്കെയുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് സോഹോ. ഇവിടത്തെ മതിലുകളിലാണ് പ്രത്യേക തരം പെയിന്‍റ് ഉപയോഗിച്ച് പ്രതികരണ ശേഷിയുള്ളതാക്കി മാറ്റിയത്. വിനോദ കേന്ദ്രങ്ങളിലെ പാര്‍ട്ടി കഴിഞ്ഞ് മദ്യപിച്ചു മടങ്ങുന്നവര്‍ പലരും സോഹോയിലെ മതിലുകളില്‍ മൂത്രമൊഴിക്കുക പതിവാണ്. ഇതു സംബന്ധിച്ച് പല പരാതികളും വന്നു. ഇത് അവസാനിപ്പിക്കാനാണ് ലണ്ടണ്‍ വെസ്റ്റ്മിനിസ്റ്റര്‍ സിറ്റി കൌണ്‍സിലിന്‍റെ ലക്ഷ്യം.