ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം തുടര്‍ന്നിട്ടും സെലക്ടര്‍മാരാല്‍ തീര്‍ത്തും തഴയപ്പെട്ടു കൊണ്ടിരിക്കുന്ന താരമാണ് സര്‍ഫറാസ് ഖാന്‍. റണ്‍സുകള്‍ വാരിക്കൂട്ടികൊണ്ടിരിക്കുന്ന താരത്തെ വരുന്ന ഓസീസിനെതിരായ പരമ്പരയില്‍നിന്നും സെലക്ടര്‍മാര്‍ ഒഴിവാക്കിയത് ഏറെ ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴിതാ ഒരിക്കല്‍ ടീമംഗമായിരുന്ന അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ കുറിച്ച് സര്‍ഫറാസ് തന്നോടു പറഞ്ഞ ഹൃദയസ്പര്‍ശിയായ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകാണ് പിതാവ് നൗഷാദ് ഖാന്‍.
അര്‍ജുന്‍ എത്ര ഭാഗ്യവാനാണ്. അവന്‍ സച്ചിന്‍ സാറിന്റെ മകനാണ്, കാറുകളും ഐ പാഡുകളുമെല്ലാമുണ്ട് എന്നായിരുന്നു സര്‍ഫറാസ് ഖാന്‍ ഒരിക്കല്‍ തന്നോടു നിഷ്‌കളങ്കമായി പറഞ്ഞതെന്നു നൗഷാദ് ഖാന്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
മകന്‍ അന്നു ഇങ്ങനെ പറഞ്ഞപ്പോള്‍ തനിക്കു വാക്കുകള്‍ നഷ്ടമാവുകയും വികാരധീനനാവുകയും ചെയ്തു. ഇതു തിരിച്ചറിഞ്ഞ സര്‍ഫറാസ് ഉടന്‍ തന്നെ ഓടിയെത്തി എന്നെ കെട്ടിപ്പിടിച്ചു. ഞാന്‍ അര്‍ജുനേക്കാള്‍ ഭാഗ്യവാനാണ്. നിങ്ങള്‍ക്കു ഒരു ദിവസം മുഴുവന്‍ എനിക്കുവേണ്ടി നല്‍കാന്‍ കഴിയും. പക്ഷെ അര്‍ജുന്റെ അച്ഛനു അതിനുള്ള സമയമുണ്ടാവില്ലെന്നുമായിരുന്നു സര്‍ഫറാസ് പറഞ്ഞതെന്നു നൗഷാദ് വ്യക്തമാക്കി.
രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കായി മിന്നുന്ന ഫോമിലാണ് സര്‍ഫറാസ് ഖാന്റെ ബാറ്റിംഗ്. താരം ഇതിനോടകം 500ന് മുകളില്‍ റണ്‍സ് നേടിക്കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ ആറു മത്സരങ്ങളില്‍നിന്ന് 122.75 ശരാശരിയില്‍ 982 റണ്‍സും സര്‍ഫറാസ് ഖാന്‍ അടിച്ചുകൂട്ടിയിരുന്നു. ആ സീസണില്‍ നാലു സെഞ്ചറിയും നേടി.