ജോഷിമഠ് നഗരം മുഴുവൻ മുങ്ങാമെന്ന് ഐ.എസ്.ആർ.ഒ; മുന്നറിയിപ്പ്

0
223

ന്യൂഡല്‍ഹി: ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിഭാസത്തിൽ ഉത്തരാഖണ്ഡിലെ ജോഷിമഠ് നഗരം മുഴുവൻ മുങ്ങാമെന്ന് ഐ.എസ്.ആർ.ഒയുടെ മുന്നറിയിപ്പ്. അപകടാവസ്ഥയിലുള്ള നഗരത്തിന്‍റെ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചതില്‍ നിന്നാണ് ഐ.എസ്.ആർ.ഒ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഡിസംബര്‍ 27നും ജനുവരി എട്ടിനും ഇടയില്‍ നഗരം 5.4 സെന്‍റി മീറ്റർ താഴ്ന്നുപോയതായി ഐ.എസ്.ആർ.ഒ അറിയിക്കുന്നു. ഇത് 2022 ഏപ്രിലിനും നവംബറിനും ഇടയില്‍ താഴ്ന്നതിനേക്കാള്‍ വലിയ ആഘാതമാണ് എന്നതും ആശങ്ക ഇരട്ടിയാക്കുന്നു. ഡിസംബര്‍ അവസാന ആഴ്ചയും ജനുവരി ആദ്യവുമാണ് ഭൂമി ഏറ്റവും കൂടുതല്‍ ഇടിഞ്ഞുതാഴ്ന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഈ പ്രതിഭാസം തുടര്‍ന്നാല്‍ നഗരം പൂര്‍ണമായും ഇടിഞ്ഞുതാഴും. നിലവില്‍ വിള്ളല്‍ വീണ വീടുകളെയും പുതിയ സ്ഥിതി സാരമായി ബാധിക്കും.

ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദ്രിനാഥ്‌ ദേശിയ പാതയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ചെറിയ പട്ടണമാണ് ജോശിമഠ്. ബദ്രിനാഥ്‌, ഔലി, വാലി ഓഫ് ഫ്ളവേഴ്സ്, ഹേംകുണ്ഡ് സാഹിബ് തുടങ്ങി സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള വിശ്രമ കേന്ദ്രം കൂടിയാണ് ജോശിമഠ്. ഇന്ത്യൻ ആർമിയുടെ തന്ത്രപ്രധാനമായ കൺടോൺമെന്‍റുകളില്‍ ഒന്നും ജോശിമഠിലാണ്. ജോഷി മഠിൽ 561 വീടുകൾക്കാണ് അടുത്തിടെയുണ്ടായ പ്രകൃതി ക്ഷോഭത്തിൽ വിള്ളലുണ്ടായത്. ഇതോടെ നിരവധി കുടുംബങ്ങള്‍ നാടുവിട്ടു. പ്രകൃതി ക്ഷോഭ ഭീതിക്കിടെ ശൈത്യം കൂടെ എത്തിയതോടെ കൂടുതൽ ദുരിതത്തിലാണ് ജോഷിമഠ് നിവാസികൾ.

ഓരോ ദിവസവും കൂടുതൽ കെട്ടിടങ്ങൾക്ക് വിള്ളലുകൾ കണ്ടെത്തുന്നത് ജോഷിമഠിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് കൂടുതൽ വിള്ളലുകൾ കാണപ്പെടുന്നത്. വലിയ കാലപ്പഴക്കം ഇല്ലാത്ത വീടുകൾക്കും കെട്ടിടങ്ങൾക്കും വിള്ളലുകൾ വീഴുന്നുണ്ട്. വിള്ളൽവീണതിനെ തുടർന്ന് പ്രദേശത്തെ പ്രധാന ഹോട്ടലായ മലാരി ഇൻ ഇന്ന് പൊളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ അപകടാവസ്ഥയിലുള്ള നഗരത്തിന്‍റെ ഉപഗ്രഹ ചിത്രങ്ങൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here