പിറന്നാൾ ആഘോഷം അതിരുകടന്നു; മുഖത്ത് വെടിയേറ്റ യുവാവിന് ഗുരുതര പരിക്ക്

0
204

ന്യൂഡൽഹി: ഡൽഹിയിലെ ജോനാപൂരിൽ പിറന്നാൾ ആഘോഷത്തിനിടെ മുഖത്ത് വെടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്. പിറന്നാൾ പരിപാടിക്കിടെ നടത്തിയ ആഘോഷ വെടിവെപ്പിലാണ് യുവാവിന് പരിക്കേറ്റത്. ഫത്തേപൂർ ബെരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ജോനാപൂർ ഗ്രാമത്തിലാണ് സംഭവം.

പരിക്കേറ്റ പ്രമോദ് (37) എന്നയാളെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിദഗ്ധ ചികിത്സക്കായി ഇയാളെ ഡൽഹിയിലെ എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ആഘോഷത്തിനിടെ രാംപാൽ എന്നയാൾ നിരവധി തവണ വെടിവെച്ചു. 7-8 സുഹൃത്തുക്കൾക്കൊപ്പം രാംപാൽ ടെറസിലേക്ക് പോയി 7-8 തവണ വെടിയുതിർക്കുകയായിരുന്നുവെന്ന് ഇരയുടെ ബന്ധുക്കൾ പറഞ്ഞു.

വെടിവെച്ചതിനെ തുടർന്ന് ഞങ്ങൾ അവനെ ടെറസിൽ നിന്നും താഴെയിറക്കി. എന്നാൽ താഴെയെത്തിയ ശേഷവും അയാൾ രണ്ട് റൗണ്ട് കൂടി വെടിയുതിർത്തു. അവനോട് വെടിനിര്‍ത്താന്‍ പറഞ്ഞിട്ടും ഒരിക്കൽ കൂടി വെടിവച്ചു. ഇതിലാണ് പ്രമോദിന്റെ മുഖത്ത് വെടിയേറ്റതെന്ന് സഹോദരൻ വിനോദ് പറഞ്ഞതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

പ്രതിയായ രാംപാലിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കൊലപാതകശ്രമം, ആയുധ നിയമം എന്നിവ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇയാള്‍ നേരത്തെ നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here