പന്ത് തട്ടി ഗിന്നസ് റെക്കോർഡിൽ ഇടം നേടി മലപ്പുറം

0
202

മലപ്പുറം: പന്ത് തട്ടി മലപ്പുറവും കേരളവും ​ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി. മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാവിലെ ഏഴിന് ആരംഭിച്ച ഡ്രീം ഗോൾ പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ 12 മണിക്കൂർകൊണ്ട് 4500 കിക്ക് എടുത്താണ് ലോക റെക്കോഡ് നേടിയത്. ലോകത്ത് പലരാജ്യങ്ങളും ശ്രമിച്ച് പരാജയപ്പെട്ടിടത്താണ് കേരളത്തിന്റെ വിജയം.

12 മണിക്കൂർകൊണ്ട് ഏറ്റവുമധികം പെനാൽറ്റി കിക്കുകൾ പൂർത്തിയാക്കി ലോക റെക്കോഡ് സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് ഇന്ന് കൈവരിച്ചത്. സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡ്രീം ഗോൾ ഗിന്നസ് റെക്കോഡ് ഉദ്യമത്തിൽ മലപ്പുറം ജില്ലയിലെ സ്‌കൂൾ കോളെജ് വിദ്യാർഥികളും പൊതുജനങ്ങളുമാണ് പങ്കെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട സ്‌കൂൾ കോളേജ് വിദ്യാർഥികളെ 50 പേരടങ്ങുന്ന ടീമുകളായി തിരിച്ച് രാവിലെ ഏഴു മണി മുതലാണ് ഷൂട്ടൗട്ട് ആരംഭിച്ചത്. ഗ്രൗണ്ടിൽ ഒരേ സമയം രണ്ടു ടീമുകളും ഗ്യാലറിയിൽ നാലു ടീമുകളും ഷൂട്ടൗട്ടിനു സജ്ജമായിരിക്കുന്ന രീതിയിലായിരുന്നു ക്രമീകരണം നടത്തിയത്. ഇതിലൂടെ സമയനഷ്ടം ഒഴിവാക്കി.

വൈകിട്ട് പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ ഗിന്നസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഫുട്ബോൾ ലോകകപ്പിന്റെയും സന്തോഷ് ട്രോഫിയിലെ കുതിപ്പിന്റെയുമെല്ലാം ആവേശത്തിൽ കാൽപ്പന്തിന്റെ മറ്റൊരു ആഘോഷത്തിനു കൂടിയാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കായിക യുവജനകാര്യാലയം ഡയറക്ടർ പ്രേം കൃഷ്ണൻ എസ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി. പി. അനിൽ കുമാർ, അഡ്വ.യു. എ. ലത്തീഫ് എംഎൽഎ ജില്ലാ കളക്ടർ വി. ആർ. പ്രേം കുമാർ, ജില്ലാ വികസന കമ്മീഷണർ രാജീവ് കുമാർ ചൗധരി, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് കെ. വിനീഷ്, എ.എ.കെ. ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ എ.എ.കെ. മുസ്തഫ, മഞ്ചേരി നഗരസഭ ചെയർപേഴ്സൺ വി. എം. സുബൈദ, മഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവ് സാജിദ് ബാബു, വാർഡ് കൗൺസിലർമാരായ അബ്ദു റഹിം പി, സമീന ടീച്ചർ, മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ.അഷ്റഫ്, കായിക യുവജന കാര്യാലയം ഡെപ്യൂട്ടി ഡയറക്ടർ ടി.ആർ ജയചന്ദ്രൻ തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രതിനിധി ഋഷിനാഥ്, ഗിന്നസ് കോർഡിനേറ്റർ ഷൈലജ ഗോപിനാഥ്, എ.എ.കെ ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ എ.എ.കെ മുസ്തഫ എന്നിവരെ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉപഹാരം നൽകി ആദരിച്ചു. ലോക റെക്കോർഡ് നേടുന്നതിന് സഹകരിച്ച വിവിധ വകുപ്പുകൾ, കായിക പ്രേമികൾ, സന്നദ്ധ സംഘടനകൾ, സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ, വൊളന്റിയർമാർ തുടങ്ങി എല്ലാവരെയും കായികവകുപ്പ് മന്ത്രി വി.അബ്ദു റഹിമാൻ പ്രത്യേകം അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here