പ്രവാസികളുടെ തൊഴില്‍ കരാറുകളില്‍ മാറ്റം വരുത്താനുള്ള സമയപരിധി നീട്ടി

0
154

അബുദാബി: യുഎഇയില്‍ തൊഴില്‍ കരാറുകളിലെ നിബന്ധനകള്‍ പുതിയ നിയമങ്ങള്‍ക്ക് അനുസൃതമായി മാറ്റം വരുത്താനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചു. രാജ്യത്തെ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തൊഴില്‍ കരാറുകളുടെ കാലപരിധി നിജപ്പെടുത്തിക്കൊണ്ടുള്ള പരിഷ്‍കാരമാണ് ഇവയില്‍ പ്രധാനപ്പെട്ടത്. അതുകൊണ്ടുതന്നെ നിശ്ചിത കാലയളവ് നിജപ്പെടുത്താതെ അനിശ്ചിത കാലത്തേക്ക് ഒപ്പുവെച്ചിട്ടുള്ള തൊഴില്‍ കരാറുകള്‍ നിയമം അനുസരിച്ച് മാറ്റേണ്ടി വരും.

2023 ഡിസംബര്‍ 31 വരെയാണ് പുതിയ നിയമങ്ങള്‍ക്ക് അനുസൃതമായി കരാറുകളില്‍ മാറ്റം വരുത്താന്‍ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം സമയം അനുവദിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ വര്‍ഷം ഫെബ്രുവരി രണ്ടാം തീയ്യതിയാണ് രാജ്യത്ത് പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നത്. ഇതനുസരിച്ച് എല്ലാ തൊഴില്‍ കരാറുകളും നിശ്ചിത കാലയളവിലേക്ക് ആയിരിക്കണം. പരമാവധി മൂന്ന് വര്‍ഷം വരെയാണ് തൊഴില്‍ കരാറുകള്‍ക്ക് കാലാവധി വെയ്ക്കാനാവുക. തൊഴിലുടമയും തൊഴിലാളിയും അംഗീകരിക്കുന്ന പക്ഷം സമാനമായ കാലാവധിയിലേക്കോ അല്ലെങ്കില്‍ അതില്‍ കുറ‍ഞ്ഞ കാലാവധിയിലേക്കോ കരാറുകള്‍ ദീര്‍ഘിപ്പിക്കാനോ അല്ലെങ്കില്‍ പുതുക്കാനോ സാധിക്കും.

തൊഴില്‍ കരാറിന്റെ കാലാവധി കഴിഞ്ഞ ശേഷം പ്രത്യേക കരാറുകള്‍ ഇല്ലാതെ തൊഴിലാളിയും തൊഴിലുടമയും പിന്നെയും തുടരുകയാണെങ്കില്‍ ആദ്യമേയുള്ള കരാര്‍ അതേ വ്യവസ്ഥകളോടെ തന്നെ ദീര്‍ഘിപ്പിച്ചതായി കണക്കാക്കും. കരാര്‍ പുതുക്കുകയും കാലാവധി ദീര്‍ഘിപ്പിക്കുകയും ചെയ്‍താല്‍ പുതുക്കിയ കാലയളവ് കൂടി തുടര്‍ച്ചയായ സര്‍വീസായി കണക്കാക്കും. പ്രത്യേക കാലാവധി നിശ്ചയിക്കാത്ത തൊഴില്‍ കരാറുകള്‍, പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്ന് ഒരു വര്‍ഷത്തിനകം തന്നെ വ്യവസ്ഥകളും നിബന്ധനകളും പാലിച്ച് നിശ്ചിത കാലാവധി നിജപ്പെടുത്തിയ കരാറുകളാക്കി മാറ്റണമെന്നാണ് വ്യവസ്ഥ. രാജ്യത്തെ മന്ത്രിസഭയ്ക്ക് പൊതുജന താത്പര്യം മുന്‍നിര്‍ത്തി ഈ കാലാവധി ദീര്‍ഘിപ്പിക്കാന്‍ നിയമം അനുമതി നല്‍കുന്നു. പുതിയ തീരുമാന പ്രകാരം സ്വകാര്യ മേഖലയിലെ തൊഴില്‍ കരാറുകള്‍ നിശ്ചിത കാലയളവ് നിജപ്പെടുത്തി പരിഷ്‍കരിക്കുന്നതിന് 2023 അവസാനം വരെ സമയം അനുവദിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here