ഡല്‍ഹി വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് നേരെ ആക്രമണം; സ്വാതി മലിവാളിനെ 15മീറ്ററോളം റോഡിൽ വലിച്ചിഴച്ചു

0
169

ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിന് നേരെ ആക്രമണം. രാത്രിയിൽ സ്ത്രീ സുരക്ഷ വിലയിരുത്താന്‍ പോയപ്പോഴാണ് സംഭവം. പരിശോധനയ്ക്കിടെ മദ്യപിച്ചെത്തിയ അക്രമി മോശമായി പെരുമാറുകയും പ്രതിരോധിക്കാന്‍ ശ്രമിച്ച സ്വാതി മലിവാളിനെ കാറില്‍ 15 മീറ്ററോളം വലിച്ചിഴയ്ക്കുകയും ചെയ്തുവെന്നാണ് പരാതി. പുലർച്ചെ മൂന്ന് മണിയോടെ എയിംസ് ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് പോലും ഡല്‍ഹിയില്‍ സുരക്ഷയില്ലെങ്കില്‍ മറ്റ് സ്ത്രീകളുടെ അവസ്ഥ എന്താകുമെന്ന് സ്വാതി മലിവാൾ ചോദിച്ചു.

സംഭവത്തിൽ ഡ്രൈവർ ഹരിഷ് ചന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 3.11ഓടെ എയിംസിന് സമീപമുള്ള നടപ്പാതയിൽ നിൽക്കുകയായിരുന്ന സ്വാതി മലിവാളിനോട് അവിടെയെത്തിയ ഹരീഷ് ചന്ദ്ര കാറിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു. സ്വാതി മലിവാൾ വിസമ്മതിച്ചതോടെ കാറുമായി മുന്നോട്ട് നീങ്ങിയ ഹരീഷ് ചന്ദ്ര, പെട്ടെന്ന് യു-ടേൺ എടുത്ത് വീണ്ടും തിരിച്ചുവന്നു. കാറിനുള്ളിൽ കയറാൻ വീണ്ടും നിർബന്ധിച്ചതോടെ, ഇയാളെ പിടികൂടുന്നതിനായി സ്വാതി ഡ്രൈവിങ് സീറ്റിന് സമീപത്തേക്ക് ചെന്നു. എന്നാൽ ഇയാൾ പെട്ടെന്ന് കാറിന്റെ വിൻഡോ ഗ്ളാസ് ഉയർത്തുകയും സ്വാതിയുടെ കൈ അതിനിടയിൽ കുടുങ്ങുകയുമായിരുന്നു. കാറിൽ കൈകുടുങ്ങിയ സ്വാതിയെ അക്രമി 15മീറ്ററോളം റോഡിൽ വലിച്ചിഴച്ചു. ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായും സ്വാതി പോലീസിനോട് പറഞ്ഞു.

പരിശോധനയ്ക്കായി സ്വാതിക്കൊപ്പം കൂടുതൽ പേർ ഉണ്ടായിരുന്നുവെങ്കിലും സംഭവം നടക്കുമ്പോൾ ഇവർ കുറച്ച് ദൂരെയായിരുന്നു. പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരാണ് അക്രമം നടന്നതായി പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്. ഇതിന് പിന്നാലെയാണ് ഹരിഷ് ചന്ദ്രയെ അറസ്റ്റ് ചെയ്തത്.

പുതുവർഷ പുലരിയിൽ കാറിനടിയിൽ 13 കിലോമീറ്റർ വലിച്ചിഴച്ച് യുവതി മരിച്ച സംഭവത്തിൽ ഡൽഹിയിൽ സ്ത്രീകളുടെ സുരക്ഷയെ ചുറ്റിപ്പറ്റിയുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് രാത്രികാലങ്ങളിലെ സ്ത്രീ സുരക്ഷ വിലയിരുത്താനായി വനിതാ കമ്മീഷന്‍ അധ്യക്ഷയും സംഘവും ഇറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here