കണ്ണും പൂട്ടിയടിക്കാന്‍ പഠിപ്പിച്ചത് ദക്ഷിണാഫ്രിക്കന്‍ യുവതാരമെന്ന് സൂര്യകുമാര്‍ യാദവ്

0
191

രാജ്‌കോട്ട്: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി റെക്കോര്‍ഡിട്ട സൂര്യകുമാര്‍ യാദവിന്‍റെ പല ഷോട്ടുകളും കണ്ട് ആരാധകര്‍ തലയില്‍ കൈവെച്ചു പോയിട്ടുണ്ടാവും. പന്തിലേക്ക് നോക്കുകപോലും ചെയ്യാതെ വിക്കറ്റിന് പിന്നിലേക്ക് എങ്ങനെയാണ് സൂര്യകുമാര്‍ ഇത്ര കൃത്യമായി ഷോട്ടുകള്‍ പായിക്കുന്നതെന്ന് അമ്പരക്കുന്നുമുണ്ടാവും. എന്നാല്‍ ഇക്കാര്യത്തില്‍ സൂര്യയുടെ ഗുരു ഒരു ദക്ഷിണാഫ്രിക്കന്‍ യുവതാരമണ്. മറ്റാരുമല്ല, ജൂനിയര്‍ എ ബി ഡിവില്ലിയേഴ്സ് എന്നറിയപ്പെടുന്ന ഡെവാള്‍ഡ് ബ്രെവിസ് ആണ് ആ യുവതാരം.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ ഒരുമിച്ച് കളിക്കുമ്പോഴാണ് ബ്രെവിസിന്‍റെ കണ്ണും പൂട്ടിയുള്ള അടി കണ്ട് പഠിച്ചതെന്നും ഇരുവരും തമ്മിലുള്ള സംഭാഷണത്തില്‍ സൂര്യ പറയുന്നു. മുംബൈ ഇന്ത്യന്‍സ് പങ്കുവെച്ച വീഡിയോയിലാണ് തന്‍റെ ആശാനെ സൂര്യ പരിചയപ്പെടുത്തുന്നത്.

ഞാന്‍ നിങ്ങളുടെ ബാറ്റിംഗ് കണ്ട് പലപ്പോഴും കോപ്പി അടിക്കാന്‍ ശ്രമിക്കാറുണ്ട്. പ്രത്യേകിച്ച്, പിന്നിലേക്കുള്ള കണ്ണും പൂട്ടിയുള്ള ആ അടികള്‍. നിങ്ങളാണ് അതെന്നെ പഠിപ്പിച്ചത്. എങ്ങനെയാണ് നിങ്ങളാ ഷോട്ടുകള്‍ കളിക്കുന്നതെന്നും സിക്സ് നേടുന്നതെന്നും അമ്പരന്നിട്ടുണ്ട്. നിങ്ങളില്‍ നിന്ന് അതെനിക്ക് പഠിക്കണമെന്നുണ്ടായിരുന്നു.

ഇത് കേട്ട് ബ്രെവിസ് പറയുന്നത്, നിങ്ങളിത് പറയുന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്. അതോടൊപ്പം നിങ്ങളില്‍ നിന്നും പല ഷോട്ടുകളും എനിക്ക് പഠിക്കാനുണ്ട്. തമാശ, എന്താണെന്ന് വെച്ചാല്‍, ഞാന്‍ കണ്ണും പൂട്ടി അടിക്കുന്ന ഷോട്ടുകള്‍ കാണാന്‍ അത്ര രസമില്ല, അതങ്ങനെ സംഭവിച്ചു പോകുന്നതാണ്.

സൗത്താഫ്രിക്കന്‍ ടി20 ചലഞ്ചില്‍ ബ്രെവിസ് 57 പന്തില്‍ 162 റണ്‍സടിച്ചതിനെ സൂര്യ അഭിനന്ദിച്ചു. ഇങ്ങനെ അടിച്ചാല്‍ ഏകദിനത്തില്‍ 100 പന്തില്‍ നീ ട്രിപ്പിള്‍ സെഞ്ചുറി അടിക്കുമെന്നും സൂര്യ, ബ്രെവിസിനോട് പറഞ്ഞു. എന്നാല്‍ താന്‍ സാധാരണ പോലെ ബാറ്റ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും അതങ്ങനെ സംഭവിച്ചുപോയതാണെന്നും ബ്രെവിസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here