ത്രിപുരയിൽ ഫെബ്രുവരി 16, നാഗാലാൻഡ് -മേഘാലയ ഫെബ്രുവരി 27ന്; സംസ്ഥാന തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു

0
181

ദില്ലി : ത്രിപുര, മേഘാലയ, നാഗാലാന്‍റ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചു. ഫെബ്രുവരി 16 ന് ത്രിപുരയിലും ഫെബ്രുവരി 27 ന് മേഘാലയിലും നാഗാലാന്റിലും തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് 2 നാകും മൂന്നിടത്തും വോട്ടെണ്ണലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ മൂന്നിടത്തും മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു. ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ സാഹചര്യത്തിൽ ലക്ഷ ദ്വീപിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയതിയും പ്രഖ്യാപിച്ചു. ഫെബ്രുവരി 27 നാകും ലക്ഷദ്വീപിൽ തെരഞ്ഞെടുപ്പ് നടക്കുക. വളരെ വേഗത്തിലുള്ള നീക്കമാണ് ലക്ഷദ്വീപ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മൂന്ന് സംസ്ഥാനങ്ങളിലുമായി 62.8 ലക്ഷം വോട്ടർമാരാണ് പോളിംഗ് ബൂത്തിലേക്കെത്തുക. തിയ്യതി പ്രഖ്യാപനത്തിന് മുന്നോടിയായി മൂന്ന് സംസ്ഥാനങ്ങളിലെയും ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തിയതായി ഇലക്ഷൻ കമ്മീഷൻ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. മൂന്ന് സംസ്ഥാനങ്ങളിലുമായി 9,125 പോളിങ് സ്റ്റേഷനുകൾ തയ്യാറാക്കും. ഇവയിൽ 70% പോളിങ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ഉണ്ടായിരിക്കും. വോട്ടർ ഐഡി കാർഡ് ഉൾപ്പെടെയുള്ള 12 തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ജനങ്ങൾക്ക് വോട്ട് ചെയ്യാം. വ്യാജ വീഡിയോകൾ തടയാൻ പോളിങ് ബൂത്തിന് അകത്തും ബൂത്ത് നമ്പർ അടക്കമുളളവ രേഖപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദ്ദേശിച്ചു. വ്യാജ ദൃശ്യങ്ങൾ പ്രചരിക്കുന്നത് തടയുന്നതിനാണ് ഈ സംവിധാനം.

LEAVE A REPLY

Please enter your comment!
Please enter your name here