അൽ നാസറിന്റെ ജേഴ്സി അണിയേണ്ടിയിരുന്നത് സാക്ഷാൽ ‘മെസി’; ക്രിസ്റ്റ്യാനോയ്ക്ക് മുൻപ് ഫുട്ബാളിന്റെ മിശിഹയാണ് ക്ളബ്ബിൽ എത്തേണ്ടിയിരുന്നതെന്ന് പരിശീലകൻ

0
540

റിയാദ്: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അല്ല പകരം ലയണൽ മെസിയെ ആണ് ടീമിലേയ്ക്ക് എത്തിക്കാൻ ആദ്യം ശ്രമം നടത്തിയതെന്ന് അൽ നാസർ ഫുട്ബാൾ ക്ളബ്ബ് പരിശീലകൻ റൂഡി ഗാർഷ്യ. ക്ളബ്ബിന്റെ വാർത്താ സമ്മേളനത്തിനിടയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദോഹയിൽ നിന്നും നേരിട്ട് മെസിയെ എത്തിക്കാനായിരുന്നു തന്റെ പദ്ധതിയെന്ന് ഗാർഷ്യ പറഞ്ഞു. നിലവിൽ പിഎസ്ജി ക്ളബുമായാണ് മെസി കരാറിലേർപ്പെട്ടിരിക്കുന്നത്.

ക്രിസ്റ്റ്യാനോയുമായി റെക്കോ‌ഡ് തുകയ്ക്ക് കരാറുറപ്പിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയലടക്കം അൽ നാസറിന് ഫോളോവേഴ്സിന്റെ എണ്ണത്തിൽ വലിയ വർദ്ധന ദൃശ്യമായിരുന്നു. ക്രിസ്റ്റ്യാനോയുമായി കരാറിലേർപ്പെടുന്നതിന് മുൻപ് അൽ നാസറിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണം 8.60 ലക്ഷം മാത്രമായിരുന്നു. എന്നാലിപ്പോളത് മൂന്ന് മില്യൺ കടന്നു.

താരം ക്ളബ്ബിലെത്തുന്നത് ഔദ്യോഗികമാക്കിയതിന് പിന്നാലെ സൗദി പ്രോ ലീഗ് ക്ലബായ അൽ നാസറിന്റെ ഏഴാം നമ്പ‌ർ ജേഴ്സിയുമായി റൊണാൾഡോ നിൽക്കുന്ന ചിത്രം ക്ലബ് അധികൃതർ പുറത്തുവിട്ടിരുന്നു. തുടർന്ന് നിരവധി ആരാധകരാണ് താരത്തിന്റെ ജേഴ്സി വാങ്ങാനായി അൽനാസറിന്റെ മെഗാ സ്റ്റോറിലെത്തുന്നത്. പലരും മണിക്കൂറുകൾ ക്യൂ നിന്നാണ് പ്രിയ താരത്തിന്റെ ജേഴ്സിയുമായി മടങ്ങുന്നതെന്നാണ് വിവരം.

ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലത്തുകയ്ക്കാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ നാസറുമായി കരാറിലേർപ്പെട്ടത്. പരസ്യത്തിൽ നിന്നുൾപ്പെടെ 200 മില്യൺ യൂറോയായിരിക്കും (ഏകദേശം 1775 കോടി രൂപ) റൊണാൾഡോയുടെ വാർഷിക പ്രതിഫലം. രണ്ടര വർഷത്തേക്കാണ് കരാർ. . മാഞ്ചസ്റ്റർ യുണൈറ്റഡിൽ 100 മില്യൺ ഡോളറായിരുന്നു റൊണാൾഡോയുടെ പ്രതിഫലം. ഇതിന്റെ ഇരട്ടിയോളമാണ് പുതിയ പ്രതിഫലം.

LEAVE A REPLY

Please enter your comment!
Please enter your name here