മലപ്പുറം: കാൽനടയായി ഹജ്ജിന് പുറപ്പെട്ട മലപ്പുറം പുത്തനത്താണി സ്വദേശി ശിഹാബ് ചോറ്റൂരിന്റെ പാകിസ്ഥാൻ വഴിയുള്ള യാത്ര വൈകാതെ തുടരും. യാത്രയുടെ പുരോഗതി അറിയിച്ച് ശിഹാബ് ചോറ്റൂർ ഇന്നലെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിസ നൽകാമെന്ന് അധികൃതർ പറഞ്ഞതായും രണ്ട്മൂന്ന് ദിവസത്തിനുള്ളിൽ യാത്ര തുടരാൻ കഴിയുമെന്നും വിവരങ്ങൾ പങ്കുവെക്കരുതെന്ന് നിർദേശമുണ്ടായത് കൊണ്ടാണ് ഇതുവരെ വിവരങ്ങൾ പങ്കുവെക്കാതിരുന്നതെന്നും ശിഹാബ് അറിയിച്ചു.
ഇപ്പോൾ പഞ്ചാബിലെ ആഫിയ സ്‌കൂളിലാണുള്ളതെന്നും ഡേറ്റ് കിട്ടുന്ന മുറയ്ക്ക് യാത്ര വീണ്ടും തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. തന്നെ കുറിച്ച് വ്യാജ വിവരങ്ങൾ നൽകുന്ന യൂട്യൂബേഴ്‌സിനോട് ഒന്നും പറയാനില്ലെന്നും പറഞ്ഞു. പഞ്ചാബിലെ ഷാഹി ഇമാം ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയതോടെ അദ്ദേഹത്തോടൊപ്പമാണ് ശിഹാബ് വീഡിയോ തയ്യാറാക്കിയത്.
പാക്കിസ്താൻ ട്രാൻസിറ്റ് വിസക്ക് പകരം ടൂറിസ്റ്റ് വിസ അനുവദിച്ചത് ആണ് ശിഹാബിന്റെ യാത്ര വൈകാൻ കാരണമായത്. പാക്കിസ്താൻ തനിക്ക് വിസ നിഷേധിച്ചിട്ടില്ല. കാറ്റഗറിയിൽ വന്ന പ്രശ്‌നം മൂലമാണ് തടസ്സം നേരിട്ടതെന്ന് ശിഹാബ് നേരത്തെ വ്യക്തമാക്കിയിരുന്നു.
മലപ്പുറത്തുനിന്നും തുടങ്ങി 3000കിലോമീറ്റർ യാത്ര ചെയ്ത് പഞ്ചാബിലെ വാഗ അതിർത്തിയിലെത്തിയ ശിഹാബിന് വിസയില്ലാത്തതിനാൽ പാകിസ്ഥാൻ എമിഗ്രേഷൻ അധികൃതർ പ്രവേശനം നിഷേധിച്ചിരുന്നു. രണ്ടര മാസമായി ശിഹാബ് വാഗാ അതിർത്തിയിലാണ്. ഇതിനിടയിൽ കഴിഞ്ഞദിവസം പാക് പൗരൻ ശിഹാബിനുവേണ്ടി നൽകിയ വിസ അപേക്ഷ പാക് ഹൈക്കോടതി തള്ളിയിരുന്നു.
ലാഹോർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹരജി തള്ളിയത്. ഹരജിക്കാരന് ഇന്ത്യൻ പൗരനായ ശിഹാബുമായി ബന്ധമില്ലെന്നും കോടതിയെ സമീപിക്കാനുള്ള പവർ ഓഫ് അറ്റോർണി കൈവശമില്ലെന്നും കാണിച്ചാണ് അപേക്ഷ തള്ളിയത്. കഴിഞ്ഞ ജൂൺ രണ്ടിനാണ് മലപ്പുറം പുത്തനത്താണി ആതവനാട്ടിലെ വീട്ടിൽ നിന്ന് ശിഹാബ് യാത്ര തുടങ്ങിയത്. സെപ്റ്റംബർ ഏഴിനാണ് വാഗ അതിർത്തിയിലെത്തിയത്.