സെക്‌സ് ചാറ്റ്, ലൈംഗികബന്ധത്തിനായി ഗ്രീഷ്മ ഷാരോണിനെ വിളിച്ചുവരുത്തി, കുടിപ്പിച്ചത് കഷായം- കുറ്റപത്രം

0
347

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. ഒന്നാംപ്രതി ഗ്രീഷ്മ, രണ്ടാംപ്രതിയും ഗ്രീഷ്മയുടെ അമ്മയുമായ സിന്ധു, മൂന്നാംപ്രതി അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവര്‍ക്കെതിരായ കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് സംഘം നെയ്യാറ്റിന്‍കര കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ ഗ്രീഷ്മ അറസ്റ്റിലായി 85-ാം ദിവസമാണ് കുറ്റപത്രം നല്‍കിയത്.

ഷാരോണിനെ ജീവിതത്തില്‍നിന്ന് ഒഴിവാക്കാനായി ഗ്രീഷ്മ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ജ്യൂസ് ചലഞ്ച് പരാജയപ്പെട്ടതോടെയാണ് കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. 142 സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ഒന്നാംപ്രതിയായ ഗ്രീഷ്മ, ലൈംഗികബന്ധത്തിനായി വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷമാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഷാരോണുമായി പ്രണയത്തിലായിരുന്ന ഗ്രീഷ്മയ്ക്ക് ഉയര്‍ന്ന സാമ്പത്തികനിലയുള്ള സൈനികന്റെ വിവാഹാലോചന വന്നു. ഇതോടെ ഷാരോണുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിനായി പല കള്ളങ്ങള്‍ പറഞ്ഞിട്ടും ഷാരോണ്‍ ബന്ധത്തില്‍നിന്ന് പിന്മാറിയില്ല. ഇതോടെയാണ് ഷാരോണിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

പാരസെറ്റമോള്‍ ഗുളികകള്‍ പൊടിച്ച് ജ്യൂസില്‍ കലര്‍ത്തി നല്‍കിയാണ് ആദ്യം കൊലപാതകശ്രമം നടത്തിയത്. ജ്യൂസ് ചലഞ്ച് എന്ന പേരില്‍ ഇത് നടപ്പിലാക്കിയെങ്കിലും ലക്ഷ്യം വിജയിച്ചില്ല. ജ്യൂസിന് കയ്പ്പാണെന്ന് പറഞ്ഞ് ഷാരോണ്‍ തുപ്പിക്കളഞ്ഞതോടെയാണ് ജ്യൂസ് ചലഞ്ച് പരാജയപ്പെട്ടത്. ഇതിനുപിന്നാലെയാണ് കഷായത്തില്‍ വിഷം കലര്‍ത്തിനല്‍കി കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

സംഭവദിവസം ഷാരോണുമായി സെക്‌സ് ചാറ്റ് ചെയ്തതിന് ശേഷം ലൈംഗികബന്ധത്തിനായാണ് ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഈ വാട്‌സാപ്പ് ചാറ്റിന്റെ തെളിവുകളും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഷാരോണ്‍ വീട്ടിലേക്ക് വരുന്നതിന് മുന്‍പ് തന്നെ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് ഒരുഗ്ലാസ് കഷായം ഷാരോണിനെകൊണ്ട് കുടിപ്പിച്ചു. കഷായം കുടിച്ച് വീടിന് പുറത്തേക്ക് പോയ ഷാരോണ്‍ ഛര്‍ദിച്ച് അവശനായാണ് പുറത്തുകാത്തിരുന്ന സുഹൃത്തിന്റെ അടുത്തെത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഗ്രീഷ്മയുടെ വീട്ടില്‍നിന്ന് കഷായം കുടിച്ച് അവശനായ ഷാരോണ്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് മരിച്ചത്. ഇതിനുപിന്നാലെയാണ് കുടുംബം ഗ്രീഷ്മയ്‌ക്കെതിരേ രംഗത്തെത്തിയത്. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ഗ്രീഷ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here