നഷ്ടപരിഹാരം കെട്ടിവച്ചു; 28 യൂത്ത് ലീഗ് പ്രവർത്തകർക്ക് ജാമ്യം, പി കെ ഫിറോസ് ജയിലില്‍ തന്നെ തുടരും

0
117

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിലുണ്ടായ സംഘർഷത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട് റിമാൻഡിൽ കഴിഞ്ഞിരുന്ന 28 യൂത്ത് ലീഗ് പ്രവർത്തകർക്ക് ജാമ്യം. പൊതുമുതൽ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം കെട്ടിവച്ചതിനെ തുടർന്നാണ് ജാമ്യം. 14 ദിവസമായി പ്രവർത്തകർ ജയിലായിരുന്നു. കേസിലെ ഒന്നാം പ്രതിയും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി കെ ഫിറോസ് ഇപ്പോഴും ജയിലിലാണ്. ഫിറോസ് ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നില്ല.

തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി – മൂന്നാണ് ജാമ്യം അനുവദിച്ചത്. സർക്കാരിനെതിരെ യൂത്ത് ലീഗ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലിസിന് പരിക്കേൽക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തിനെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിവിധ വിഷയങ്ങൾ ഉന്നയിച്ച് സംസ്ഥാന സർക്കാരിനെതിരെ യൂത്ത് ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അടക്കമുള്ളവര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.

പൊതു-സ്വകാര്യ മുതലുകൾ നശിപ്പിച്ചു, അനുമതിയില്ലാതെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി, പൊലീസുകാരെ ആക്രമിച്ചു, ഗതാഗത തടസ്സമുണ്ടാക്കി തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്. ഫിറോസ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തതില്‍ കടുത്ത പ്രതിഷേധമാണ് മുസ്ലീം ലീഗ് ഉയര്‍ത്തിയത്. മരങ്ങളെ പ്രോത്സാഹിപ്പിക്കുകയും, അനാവശ്യ സമരങ്ങൾ പോലുമുണ്ടാക്കി അതിന്‍റെ  സാധ്യതകളെ പോലും ഉപയോഗപ്പെടുത്തി അതിലൂടെ അധികാരത്തിൽ വന്ന ഇടതുപക്ഷസർക്കാർ ജനകീയ സമരങ്ങളോട് ഇപ്പോൾ കാണിക്കുന്ന അസഹിഷ്ണുത  അത്ഭുതപ്പെടുത്തുന്നതാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

അധികാരത്തിന്‍റെ  വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതെയാക്കാം എന്നത് അതിമോഹം മാത്രമാണ്. ഇത്തരം ഭയപ്പെടുത്തലുകൾക്ക് വഴങ്ങാൻ കഴിയില്ല.സർക്കാറിന്‍റെ  തെറ്റായ നയങ്ങൾക്കെതിരായി ഇനിയും ഉച്ചത്തിൽ സംസാരിക്കുകയും വേണ്ടിവന്നാൽ ജനകീയ പ്രക്ഷോഭങ്ങളുടെ മുന്നിൽ നിൽക്കുകയും ചെയ്യും.ജനാധിപത്യത്തെ അടിച്ചമർത്താൻ ആർക്കും കഴിയില്ല എന്നോർമിക്കണമെന്നപമാണ് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here