ഹിജാബ് വിലക്ക് വീണ്ടും സുപ്രിംകോടതിയിൽ; കേസ് പരിഗണിക്കുന്നത് പരിശോധിക്കും

0
206

ന്യൂഡൽഹി: ഹിജാബ് വിലക്ക് വിഷയം വീണ്ടും സുപ്രിംകോടതിയിൽ. പരിഗണിക്കേണ്ട കേസുകളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു.

ഹിജാബ് വിലക്കോടെ പല പെൺകുട്ടികളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉപേക്ഷിച്ചെന്ന് അഡ്വ. മീനാക്ഷി അറോറ കോടതിയെ അറിയിച്ചു. ഫെബ്രുവരി ആറിന് പരീക്ഷ നടക്കുകയാണ്. വിദ്യാർഥിനികൾ പരീക്ഷ എഴുതേണ്ടത് ഹിജാബ് വിലക്ക് നിലനിൽക്കുന്ന സർക്കാർ കോളേജുകളിലാണ്. വിലക്ക് നിലനിൽക്കുന്നതിനാൽ പരീക്ഷ എഴുതാൻ പറ്റാത്ത സാഹചര്യമാണ് വിദ്യാർഥികൾക്കുള്ളത്. ഇടക്കാല വിധി വേണമെന്നും മീനാക്ഷി അറോറ ആവശ്യപ്പെട്ടു.

ഇക്കാര്യം അടിയന്തരമായി പരിഗണിക്കാമെന്നും മൂന്നംഗ ബെഞ്ച് ഹരജി പരിഗണിക്കാൻ നടപടിയെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മൂന്നംഗ ബെഞ്ച് ഹരജി പരിഗണിക്കേണ്ട തീയതി ഉടൻ തീരുമാനിക്കും രജിസ്ട്രാറോട് ഇക്കാര്യത്തിൽ കുറിപ്പ് തയ്യാറാക്കി എത്രയും വേഗം എത്തിക്കാമെന്ന ഉറപ്പും ചീഫ് ജസ്റ്റിസ് മീനാക്ഷി അറോറക്ക് നൽകി.

സുപ്രിംകോടതിയിൽ ഭിന്നവിധി ഉണ്ടായതിനാൽ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടത്. ഹിജാബ് കേസ് പരിഗണിച്ച ബെഞ്ചിലെ ജഡ്ജിമാർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ടായതിനെ തുടർന്ന് കേസ് വിശാല ബെഞ്ചിന് വിടുകയായിരുന്നു. ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹിജാബ് വിലക്ക് അംഗീകരിച്ച കർണാടക ഹൈക്കോടതിയുടെ വിധി ശരിവെച്ചു. എന്നാൽ ജസ്റ്റിസ് സുധാംശു ദുലിയ കർണാടക ഹൈക്കോടതി വിധി റദ്ദാക്കി. ഈ സാഹചര്യത്തിലാണ് കേസ് വിശാല ബെഞ്ചിന് വിട്ടത്.

ഹിജാബ് വിഷയത്തിൽ സുപ്രിംകോടതിയുടെ അന്തിമ വിധി വരുന്നത് വരെ സ്‌കൂളുകളിൽ ഹിജാബ് വിലക്ക് തുടരുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here