കൊല്‍ക്കത്ത: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ മുന്‍നിര താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ കെ എല്‍ രാഹുലിന്റെ അവസരോചിത ഇന്നിംഗ്‌സാണ് ഇന്ത്യയെ രക്ഷിച്ചത്. 216 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ 16 ഓവറുകള്‍ പിന്നിടുമ്പോള്‍ നാലിന് 89 എന്ന നിലയിലായി ഇന്ത്യ. രോഹിത് ശര്‍മ (17), ശുഭ്മാന്‍ ഗില്‍ (21), വിരാട് കോലി (4), ശ്രേയസ് അയ്യര്‍ (28) എന്നിവര്‍ നിരാശപ്പെടുത്തുകയാണുണ്ടായത്. എന്നാല്‍ രാഹുല്‍ 103 പന്തില്‍ 64 റണ്‍സുമായി പുറത്താവാതെ നിന്നപ്പോള്‍ വിജയം ഇന്ത്യക്കൊപ്പം നിന്നു.
ഇപ്പോള്‍ രാഹുലിന്റെ ഇന്നിംഗ്‌സിനെ പുകഴ്ത്തുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഒപ്പം മധ്യനിരയില്‍ ഇന്ത്യയുടെ പ്ലാന്‍ എന്തായിരിക്കുമെന്നുള്ള സൂചനയും രോഹിത് നല്‍കുന്നുണ്ട്. അദ്ദേഹം പറയുന്നത് അനുസരിച്ച് കാര്യങ്ങള്‍ മലയാളിതാരം സഞ്ജുവിന് അത്ര അനുകൂലമല്ല. മധ്യനിരയില്‍ ഒരു ഇടങ്കയ്യന്‍ വേണമെന്നുള്ള അഭിപ്രായം രോഹിത്തിനുണ്ട്. ക്യാപ്റ്റന്റെ വാക്കുകള്‍… ”കെ എല്‍ രാഹുല്‍ ഒരുപാട് നാളായിട്ട് അഞ്ചാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത്. അത് ബാറ്റിംഗ് നിരയുടെ ആഴം കൂട്ടുന്നുണ്ട്. രാഹുലിന്റെ സാന്നിധ്യം ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. രാഹുല്‍ മധ്യനിരയില്‍ വരുമ്പോള്‍ മുന്‍നിരയില്‍ കളിക്കുന്നവര്‍ക്ക് ഫ്രീയായി കളിക്കാനും സാധിക്കുന്നു. രാഹുലിന്റേത് മികച്ച പ്രകടനമായിരുന്നു. എന്നാല്‍ മധ്യനിരയില്‍ ഒരു ഇടങ്കയ്യന്‍ കൂടിയുണ്ടെങ്കിലെന്ന് കരുതാറുണ്ട്. എന്നാല്‍ തന്ത്രത്തില്‍ ഞാന്‍ ഒരുപാട് വിശ്വസിക്കുന്നുമില്ല. ടീമില്‍ മികച്ച വലങ്കയ്യന്‍ ബാറ്റര്‍മാരുണ്ട്. വെല്ലുവിളികളും സമ്മര്‍ദ്ദ സാഹചര്യങ്ങളും മറികടക്കാന്‍ അവര്‍ക്ക് സാധിക്കും.” രാഹുല്‍ വ്യക്തമാക്കി.
വരാനിരിക്കുന്ന പരമ്പരയെ കുറിച്ചും രോഹിത് സംസാരിച്ചു. ”ന്യൂസിലന്‍ഡിനെതിരെ മൂന്ന് ഏകദിനങ്ങള്‍ കൂടി വരുന്നുണ്ട്. നീണ്ട സീസണാണ് മുന്നിലുള്ളത്. ടീമില്‍ മാറ്റം വരുത്തണമെന്നുണ്ടെങ്കില്‍ അപ്പോള്‍ ചിന്തിക്കും. തിരിച്ചുവരവില്‍ കുല്‍ദീപ് യാദവ് നടത്തിയ പ്രകടനം പ്രശംസനീയമാണ്. ടീമിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത് കുല്‍ദീപിന്റെ പ്രകടനമാണ്. ആത്മവിശ്വാസമുള്ള ബൗളറാണ് കുല്‍ദീപ്. അവന്‍ ടീമിന് ശുഭപ്രതീക്ഷ നല്‍കുന്നു. മൂന്നാം ഏകദിനത്തില്‍ എന്തെങ്കിലും മാറ്റം വരുത്തണമെന്നതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. അവിടെയെത്തി സാഹചര്യത്തില്‍ മനസിലാക്കിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.” രോഹിത് വ്യക്തമാക്കി.
ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ശ്രീലങ്ക 39.4 ഓവറില്‍ 215ന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 43.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.