റൊണാള്‍ഡോയുടെ പേരിലുള്ള ജേഴ്‌സിക്ക് 414 റിയാല്‍ വില; വില്‍പ്പന 20 ലക്ഷം കവിഞ്ഞു

0
194

ജിദ്ദ: പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലെ അൽ നസ്ർ ക്ലബുമായി കരാർ ഏർപ്പെട്ടതിന് ശേഷം പുറത്തിറക്കിയ അദ്ദേഹത്തിന്റെ പേരിലുള്ള ക്ലബിന്റെ ജേഴ്‌സി മോഡലുകൾക്ക് വൻ ഡിമാന്റ്. ക്ലബ്ബിന്റെ കീഴിലുള്ള സ്റ്റോറുകൾ ജേഴ്‌സി വാങ്ങുന്നതിനായി വലിയ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. 414 റിയാല്‍ വിലയിട്ടിരിക്കുന്ന ജേഴ്‌സിയുടെ വിൽപ്പന ആരംഭിച്ച് 48 മണിക്കൂറിനുള്ളിൽ ഏകദേശം 20 ലക്ഷം ജേഴ്‌സികൾ വിൽപ്പന നടന്നതായാണ് റിപ്പോർട്ട്.

എല്ലാ പ്രായത്തിലുള്ള ആളുകളും ജേഴ്‌സി അന്വേഷിച്ചു വരുന്നുണ്ടെങ്കിലും ഏറ്റവും വലിയ ഡിമാൻഡ് യുവാക്കളിൽ നിന്നാണെന്ന് ക്ലബ് അധികൃതർ അറിയിച്ചു. കുട്ടികൾക്കടക്കം ധരിക്കാവുന്ന രീതിയിൽ എല്ലാ വലിപ്പത്തിലുമുള്ള ജേഴ്‌സികൾ വരും ദിവസങ്ങളിൽ സ്റ്റോറുകളിൽ കൂടുതൽ ലഭ്യമാക്കുമെന്നും അവർ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന വിൽപ്പന റൊണാൾഡോയുടെ ജേഴ്‌സിയിൽ മാത്രം ഒതുങ്ങി നിന്നിരുന്നില്ല, ടാലിസ്‌ക ഷർട്ടിനും വലിയ ഡിമാൻഡാണ് ഉണ്ടായിരുന്നതെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലുള്ള ജേഴ്‌സി ആവശ്യപ്പെട്ട് യൂറോപ്യന്മാരും ചൈനക്കാരും മറ്റ് രാജ്യക്കാരും ഉൾപ്പെടെ നിരവധി വിദേശികൾ ക്ലബിന്റെ കടയിലേക്ക് ഒഴുകിയെത്തി. നമ്പറോ പേരോ ഇല്ലാത്ത ക്ലബിന്റെ ജേഴ്‌സിക്ക് 260 റിയാലും 78 ഹലാലയുമാണ് സ്റ്റോറിൽ വില ഈടാക്കുന്നത്. ഇതിനോടൊപ്പം നമ്പർ അച്ചടിക്കാൻ 50 റിയാലും പേര് പ്രിന്റ് ചെയ്യാൻ മറ്റൊരു 50 റിയാലും മൂല്യവർധിത നികുതി 54 റിയാലുമുൾപ്പെടെ ആകെ 414 റിയാൽ ആണ് റൊണാൾഡോ ജേഴ്‌സിക്ക് ഈടാക്കുന്നത്. ക്ലബിന്റെ നമ്പർ ഏഴ് ജേഴ്‌സിയാണ് റൊണാൾഡോക്കായി നീക്കിവെച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here