റൊണാൾഡോയ്ക്ക് പിന്നാലെ മെസ്സിയും..? സൗദി ക്ലബ് താരത്തിന്റെ ജഴ്‌സി വിൽപ്പനയ്‌ക്കെത്തിച്ചു

0
269

ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ സൗദിയിലേക്കെത്തിയതിന് പിന്നാലെ ലോക ചാമ്പ്യൻ ലയണൽമെസ്സിയും സൗദിയിലേക്കെന്ന് റിപ്പോർട്ട്.

അൽ നസ്ർ ക്ലബ്ബാണ് ക്രിസ്റ്റിയാനോയെ റെക്കോഡ് തുകയ്ക്ക് സൗദിയിലെത്തിച്ചതെങ്കിൽ സൗദിയിലെ അവരുടെ പ്രധാന എതിരാളികളായ അൽ ഹിലാൽ ക്ലബ്ബാണ് താരത്തെ സൗദിയിലേക്കെത്തിക്കാൻ ശ്രമിക്കുന്നതെന്നാണ് ഇറ്റാലിയൻ പത്രമായ ‘കാൽസിയോ മെർകാറ്റോ’ പറയുന്നത്.

ക്രിസ്റ്റ്യാനോ തങ്ങളുടെ പ്രധാന എതിരാളികളായ അൽ നസ്റിനൊപ്പം ചേർന്നതിന് തൊട്ടുപിന്നാലെ അൽ ഹിലാൽ ക്ലബ് മെസ്സിയുടെ ജഴ്‌സികൾ അവരുടെ ക്ലബ് ഷോപ്പിൽ വിൽപ്പനയ്ക്കെത്തിച്ചതോടെയാണ് മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകൾക്ക് പ്രചാരമേറിയത്.

അൽ ഹിലാൽ ക്ലബ് മെസ്സിയുമായി സമീപഭാവിയിൽ തന്നെ ലോകത്തെ ഏറ്റവും വലിയ തുകയ്ക്ക് കരാറിലെത്തുമെന്നാണ് പറയപ്പെടുന്നത്. സംഭവം സത്യമായാൽ ഫുട്‌ബോൾ ട്രാൻസ്ഫർ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കരാറായിരിക്കും നടക്കാൻ പോകുന്നത്.

അൽ നസ്ർ ക്ലബിന്റെ ഏറ്റവും വലിയ എതിരാളിയായ അൽ ഹിലാൽ സാക്ഷാൽ ലയണൽ മെസ്സിയെ തങ്ങളുടെ നിരയിൽ എത്തിക്കാൻ എന്തും ചെയ്യുമെന്നും ഇറ്റാലിയൻ പത്രം മുമ്പും പറഞ്ഞിരുന്നു.

കുവൈത്തിലെ മുൻ ഇൻഫർമേഷൻ മന്ത്രി ഡോ. സാദ് ബിൻ തഫേല അൽ അജ്മി അടക്കം ഈ സാധ്യത എടുത്തു പറഞ്ഞു. മെസ്സിയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ അൽ ഹിലാൽ ഗൗരവമായി തുടരുകയാണെന്നാണ് അദ്ദേഹം പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here