സൗദിയിൽ റൊണാൾഡോ തരംഗം; റോണോയെ ഹൃദയത്തിലേറ്റി സൗദി ജനത

0
195

അൽ നസറിലൂടെ സൗദി റേബ്യൻ മണ്ണിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗിൽ കളിക്കാനെത്തുന്ന ആദ്യ ഇതിഹാസ താരമാണ് റോണോ. പ്രതിവർഷം 225 മില്യൺ യൂറോയുടെ കരാറിൽ അൽ നസറിൽ എത്തിയ താരത്തിന് രാജകീയ വരവേൽപ്പാണ് അൽ നസർ ആരാധകരും സൗദി അധികൃതരും നൽകിയത്.

റൊണാൾഡോയുടെ രംഗ പ്രവേശനത്തോടെ വലിയ നേട്ടങ്ങൾക്കാണ് അൽ നസർ അർഹമായിരിക്കുന്നത്. ഇത് വരെ ഒരു ഏഷ്യൻ ചാമ്പ്യൻസ് ലീഗോ, മറ്റ് പ്രധാന പുരസ്കാരങ്ങളോ നേടാൻ കഴിയാത്ത ക്ലബ്ബിനെ റൊണാൾഡോയുടെ രംഗ പ്രവേശനത്തോടെ നിരവധി ആരാധകരാണ് പുതുതായി പിൻപറ്റാൻ ആരംഭിച്ചത്.

കൂടാതെ റൊണാൾഡോ ക്ലബ്ബിലേക്കെത്തിയതോടെ ക്ലബ്ബിന്റെ ആരാധക വൃന്ദത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്.

റൊണാൾഡോയുടെ ജേഴ്സികൾ വിൽക്കുന്ന സ്റ്റോറുകളിലേക്ക് ജനങ്ങളുടെ ഇടിച്ചു കയറ്റമാണെന്നും ക്ലബ്ബ്‌ അംഗങ്ങളും ഹോം സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാരും വരെ ഇപ്പോൾ സ്റ്റോറുകളിൽ ജനങ്ങളെ നിരീക്ഷിക്കാനുള്ള ശ്രമങ്ങളിലാണെന്നുമാണ് സ്പാനിഷ് സ്പോർട്സ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്യുന്നത്.

കൂടാതെ ഔദ്യോഗിക ജേഴ്സികൾ അല്ലാതെ കോപ്പി ജേഴ്സികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സൗദിയിലെ സ്റ്റോറുകൾ മുഴുവൻ എന്നും മാർക്കയുടെ റിപ്പോർട്ടിൽ പറയുന്നു.

ഇതിനൊപ്പം റൊണാൾഡോ സ്പെഷ്യൽ എഡിഷൻ ജേഴ്സികളും റോണോ ആരാധകരെ ലക്ഷ്യമിട്ട് അൽ നസർ പുറത്തിറക്കുന്നുണ്ട്.

ആരാധകരുടെ നിരന്തരമുള്ള അഭ്യർത്ഥനകൾ മൂലം റൊണാൾഡോയുടെ പരിശീലന സെക്ഷനുകൾ കാണാൻ ആരാധകർക്ക് അൽ നസർ അവസരമൊരുക്കിയിട്ടുണ്ട് എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

അതിനൊപ്പം വെറും മൂന്ന് മാധ്യമങ്ങൾക്ക് മാത്രം പ്രവേശനമുള്ള അൽ നസർ പ്രസ് കോൺഫറൻസിലേക്ക് ഇപ്പോൾ 30ലേറെ മാധ്യമങ്ങൾക്ക് ക്ലബ്ബിന് പ്രവേശനം അനുവദിക്കേണ്ടി വന്നിട്ടുണ്ടെന്നും ഈ സംഖ്യ ഇനിയും ഉയരാമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിൽ നിരവധി വിദേശ മാധ്യമങ്ങളും ഉൾപ്പെടുന്നു.

കൂടാതെ റൊണാൾഡോയുടെ വരവോടെ ക്ലബ്ബ്‌ അവരുടെ അടിസ്ഥാന സൗകര്യ വികസനവും മെച്ചപ്പെടുത്തിയിട്ടുണ്ട്. റോണോക്കൊപ്പം പുതിയ ഉപകരണങ്ങളും കൂടുതൽ വിപുലമായ സൗകര്യങ്ങളും ക്ലബ്ബിലേക്കെത്തി തുടങ്ങി എന്ന് മാർക്ക റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ക്ലബ്ബിൽ സൈൻ ചെയ്ത് ലീഗിൽ രജിസ്റ്റർ ചെയ്തെങ്കിലും റൊണാൾഡോ ഇത് വരെ അൽ നസറിനായി അരങ്ങേറ്റ മത്സരം കളിച്ചിട്ടില്ല. ജനുവരി 19ന് പി.എസ്.ജി യുമായി നടക്കുന്ന സന്നാഹ മത്സരത്തിലാകും റോണോ ക്ലബ്ബിനായി കളിക്കാനിറങ്ങുക എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here