വധുവിന് പരമാവധി സമ്മാനം ഒരു ലക്ഷവും 10 പവനും; സ്ത്രീധന നിരോധന ചട്ടം പുതുക്കുന്നു

0
266

തിരുവനന്തപുരം ∙ വിവാഹത്തിനു മുൻപു വധൂവരന്മാർക്ക് കൗൺസലിങ് നൽകുന്നതും വധുവിനു രക്ഷിതാക്കൾ നൽകുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ എന്നു നിബന്ധന വയ്ക്കുന്നതും ഉൾപ്പെടെ വ്യവസ്ഥകൾ ഉൾപ്പെടുത്തി സ്ത്രീധന നിരോധനച്ചട്ടങ്ങൾ പരിഷ്കരിക്കാൻ സർക്കാർ നടപടി തുടങ്ങി.

കൊല്ലം നിലമേൽ സ്വദേശി വിസ്മയയുടെ ആത്മഹത്യയ്ക്കു പിന്നാലെ സംസ്ഥാന വനിതാ കമ്മിഷൻ പരിഷ്കരണ ശുപാർശകൾ നൽകിയിരുന്നു. എന്നാൽ സർക്കാർ ഇതു പുറത്തുവിടുകയോ നടപടികളിലേക്കു കടക്കുകയോ ചെയ്തിരുന്നില്ല. വനിതാ കമ്മിഷനും സ്ത്രീ സംരക്ഷണ സംഘടനകളും സമ്മർദം ചെലുത്തിയതിന്റെ ഭാഗമായാണ് ഇപ്പോൾ ചർച്ചകളും അഭിപ്രായശേഖരണവും ആരംഭിച്ചത്.

കേന്ദ്ര സ്ത്രീധന നിരോധനനിയമത്തിലെ ചട്ടങ്ങളും കേരള വിവാഹ റജിസ്റ്റർ ചെയ്യൽ ചട്ടങ്ങളും ഭേദഗതി ചെയ്യും. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ അഭിപ്രായങ്ങൾ സമർപ്പിച്ചു. തദ്ദേശഭരണവകുപ്പിന്റെ നിർദേശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. അനുബന്ധവകുപ്പുകളുമായും ചർച്ചകൾ നടത്തിയശേഷം ഭേദഗതിയുടെ കരട് നിയമ വകുപ്പിന് അയയ്ക്കും.

വനിതാ കമ്മിഷൻ നൽകിയ ചില ശുപാർശകൾ നടപ്പാക്കാൻ നിയമം ഭേദഗതി ചെയ്യേണ്ടിവരും. അവ കേന്ദ്ര സർക്കാരിന്റെ പരിഗണനയ്ക്ക് അയച്ചുകൊടുക്കും. ഹൈസ്കൂൾ മുതലുള്ള പാഠപുസ്തകങ്ങളിൽ ഗാർഹികപീഡന നിരോധനനിയമം, സ്ത്രീധന നിരോധനനിയമം, പോക്സോ നിയമം എന്നിവ ഉൾക്കൊള്ളിക്കുന്ന അധ്യായം ഉണ്ടാകണമെന്ന കമ്മിഷന്റെ ശുപാർശയും നടപ്പായിട്ടില്ല.

വനിതാ കമ്മിഷന്റെ പ്രധാന ശുപാർശകൾ

∙ വധുവിനു നൽകുന്ന മറ്റു സാധനങ്ങൾ 25,000 രൂപയിൽ കൂടാൻ പാടില്ല.

∙ ബന്ധുക്കള്‍ പരമാവധി 25,000 രൂപയോ തുല്യവിലയ്ക്കുള്ള സാധനങ്ങളോ മാത്രമേ നല്‍കാവൂ.

∙ വധുവിനു ലഭിക്കുന്ന സമ്മാനങ്ങളുടെ വിനിയോഗാവകാശം വധുവിനു മാത്രം.

∙ വിവാഹസമ്മാനങ്ങളുടെ പട്ടിക നോട്ടറിയോ ഗസറ്റഡ് ഓഫിസറോ സാക്ഷ്യപ്പെടുത്തണം. വിവാഹ റജിസ്ട്രേഷൻ അപേക്ഷയോടൊപ്പം സാക്ഷ്യപ്പെടുത്തിയ പട്ടിക നൽകണം.

∙ വിവാഹത്തിനു മുൻപായി വധൂവരന്മാർക്കു തദ്ദേശസ്ഥാപന തലത്തിൽ കൗൺസലിങ് നിർബന്ധമാക്കണം.

∙ വിവാഹ റജിസ്ട്രേഷന്റെ അപേക്ഷയ്ക്കൊപ്പം കൗൺസലിങ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് വേണം.

∙ രക്ഷിതാക്കൾക്കും കൗൺസലിങ് നൽകുന്നതു പരിഗണിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here