15 വര്‍ഷംമുമ്പ് കളിക്കിടെ ഇടിച്ചതിന്റെ പക; സുഹൃത്തിനെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു

0
245

കൊട്ടിയം (കൊല്ലം): ചേരീക്കോണത്ത് കഴിഞ്ഞദിവസം നടന്ന ക്രൂരമായ കൊലപാതകത്തിനു കാരണമായത് മരിച്ച സന്തോഷിന്റെ സുഹൃത്ത് പ്രകാശ് കാത്തുവെച്ച 15 വര്‍ഷംനീണ്ട പകയാണ്. തിങ്കളാഴ്ചയാണ് കണ്ണനല്ലൂര്‍ ചേരീക്കോണം പബ്ലിക് ലൈബ്രറിക്കുസമീപം മുകളുവിളവീട്ടില്‍ സന്തോഷി(41)നെ ചന്ദനത്തോപ്പില്‍ വാടകയ്ക്കു താമസിക്കുന്ന മുഖത്തല പാങ്കോണം കിളിപ്പള്ളി പണയില്‍വീട്ടില്‍ പ്രകാശ് (45) വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തിയത്. അക്രമം തടയാന്‍ ശ്രമിച്ച സന്തോഷിന്റെ ബന്ധുവായ പതിനേഴുകാരനും കുത്തേറ്റിരുന്നു.

സുഹൃത്തുക്കളായിരിക്കെ ഇരുവരും ‘മ’ അക്ഷരം പറഞ്ഞാല്‍ ഇടിക്കാമെന്ന കളി കളിച്ചു. സംസാരത്തിനിടെ ‘മ’ ഉച്ചരിച്ച തന്നെ സന്തോഷ് നട്ടെല്ലിനിടിച്ചെന്നാണ് പ്രകാശ് പറയുന്നത്. പിന്നീട് തനിക്കുണ്ടായ ആരോഗ്യപ്രശ്‌നങ്ങളുടെയെല്ലാം കാരണം ഈ ഇടിയാണെന്ന് പ്രകാശ് കരുതി. വിവാഹം കഴിഞ്ഞ് കുട്ടികള്‍ ഉണ്ടാകാത്തതിനും ഈ ഇടിയാണ് കാരണമെന്ന് പ്രകാശ് വിശ്വസിച്ചു.

രണ്ടുവര്‍ഷംമുമ്പ് ഭാര്യ മരിച്ചതിനെ തുടര്‍ന്നുണ്ടായ ഒറ്റപ്പെടലില്‍ ഇയാളുടെ വൈരാഗ്യം ഇരട്ടിച്ചു. ഒരുവര്‍ഷമായി സന്തോഷിനെ വകവരുത്താന്‍ കത്തി വാങ്ങി അവസരം കാത്തിരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

പെയിന്റിങ് തൊഴിലാളിയായ പ്രതി ദിവസവും സാന്‍ഡ് പേപ്പര്‍കൊണ്ട് കത്തിയുടെ മൂര്‍ച്ച കൂട്ടിക്കൊണ്ടേയിരുന്നു. ഞായറാഴ്ച രാവിലെ ഇവര്‍ നേരില്‍ക്കണ്ടു സംസാരിച്ചിരുന്നു. വീട്ടില്‍ സന്തോഷ് ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി. ഉച്ചമയക്കത്തിലായിരുന്ന സന്തോഷിനെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

23 കുത്തുകളാണ് സന്തോഷിന്റെ ദേഹത്തുണ്ടായിരുന്നത്. അതില്‍ മാരകമായ മൂന്നു കുത്തുകളാണ് മരണകാരണമായത്. ആന്തരികാവയവങ്ങള്‍ പുറത്തുവന്ന സന്തോഷിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് രക്ഷപ്പെടുംമുമ്പുതന്നെ പ്രകാശിനെ പിടികൂടി. കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here