ഉടമസ്ഥ തര്‍ക്കം നിലനില്‍ക്കുന്ന ബെംഗളൂരു ചാമരാജ്പേട്ട് ഈദ്ഗാഹ് മൈതാനത്ത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കാന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍. സംഘപരിവാര്‍ സംഘടനകള്‍ ഗണേശോത്സവം നടത്താനൊരുങ്ങി വിവാദമായതിന് പിന്നാലെയാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു നീക്കം. ബെംഗളുരു സെന്‍ട്രല്‍ ബിജെപി എംപി പിസി മോഹനനാണ് സര്‍ക്കാരിന്റെ സമാന്തര റിപ്പബ്ലിക് ദിനാചരണത്തെ കുറിച്ച് അറിയിച്ചത്.
കര്‍ണാടക മുഖ്യമന്ത്രിയും ഗവര്‍ണറും പങ്കെടുക്കുന്ന മനേക് ഷാ പരേഡ് ഗ്രൗണ്ടിലെ ഔദ്യോഗിക റിപ്പബ്ലിക് ദിനപരിപാടിക്ക് പുറമെയാണ് ഈദ് ഗാഹ് മൈതാനത്ത് പരിപാടി സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്. റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ ബെംഗളൂരു അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ദേശീയ പതാക ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൈസൂര്‍ ഭരിച്ചിരുന്ന വോഡയാര്‍ രാജവംശം 200 വര്‍ഷങ്ങള്‍ക്കു മുന്‍പ് മുസ്ലീം സമുദായത്തിന് ദാനം നല്‍കിയതാണ് ഈദ് ഗാഹ് മൈതാനം ഉള്‍പ്പെട്ട 10 ഏക്കര്‍ ഭൂമി. കര്‍ണാടക വഖഫ് ബോര്‍ഡിനാണ് കൈവശാവകാശമുള്ളത്. ഖബറിസ്ഥാന്‍ ആയും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്ക് ഒത്തുകൂടാനുമായിരുന്നു ഈ ഭൂമി മുസ്ലിം വിഭാഗം പ്രയോജനപ്പെടുത്തിയിരുന്നത്.
എന്നാല്‍, ഈദ് ഗാഹ് മൈതാനം ഉള്‍പ്പെടുന്ന പ്രദേശത്തെ ചൊല്ലി വര്‍ഷങ്ങളായി ഉടമസ്ഥാവകാശതര്‍ക്കം നിലനില്‍ക്കുന്നുണ്ട്. റവന്യൂവകുപ്പും, ബെംഗളൂരു കോര്‍പറേഷനും മൈതാനത്തില്‍ ഉടമസ്ഥാവകാശം ഉറപ്പിക്കാന്‍കോടതിയെ സമീപിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. ഈദ് ഗാഹ് അവകാശ തര്‍ക്കം കര്‍ണാടക ഹൈക്കോടതിയില്‍ തീര്‍പ്പാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിക്കുകയും ചെയ്തു. വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതിയില്‍ വാദം തുടരുന്നതിനിടെയാണ് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം.
കഴിഞ്ഞ ഓഗസ്റ്റില്‍ മൈതാനത്തു ഗണേശ ചതുര്‍ഥി ആഘോഷം സംഘടിപ്പിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ നീക്കം നടത്തിയിരുന്നു .ഇതിനെതിരെ വഖഫ് ബോര്‍ഡ്‌നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.