കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് മാസം 2000 രൂപ നല്‍കും; കര്‍ണാടകയില്‍ പ്രിയങ്ക ഗാന്ധി

0
201

ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഓരോ വീട്ടിലെയും വീട്ടമ്മമാര്‍ക്ക് 2000 രൂപ വീതം നല്‍കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബെംഗളൂരുവില്‍ കോണ്‍ഗ്രസ് വനിതാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രിയങ്ക ഗാന്ധി.

ഗൃഹ ലക്ഷ്മി യോജന എന്ന് പേരിട്ട ഈ പദ്ധതി സംസ്ഥാനത്തെ 1.5 കോടി വീട്ടമ്മാര്‍ക്ക് ഉപകാരപ്പെടുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ‘നാ നായകി’ എന്ന പേരിലാണ് വനിതാ കണ്‍വെന്‍ഷന്‍ നടത്തിയത്. ഈ കണ്‍വെന്‍ഷനിലാണ് പ്രിയങ്ക ഗാന്ധി വീട്ടമ്മമാര്‍ക്ക് ഈ ഉറപ്പ് നല്‍കിയത്.

അധികാരത്തിലെത്തിയാല്‍ എല്ലാ മാസവും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് വാഗ്ദാനം നല്‍കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ അടുത്ത തെരഞ്ഞെടുപ്പ് വാഗ്ദാനം. ഗ്യാസ് വില വര്‍ദ്ധനവിലും ജീവിത ചെലവിലും പൊറുതിമുട്ടിയ വീട്ടമാര്‍ക്ക് ആശ്വാസമാകും ഈ പദ്ധതിയെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു. വലിയ അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും സ്ത്രീകള്‍ക്ക് വേണ്ടി മാത്രം പ്രത്യേക പ്രകടന പത്രിക പുറത്തിറക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

‘സംസ്ഥാനത്തെ അന്തരീക്ഷം വളരെ മോശമാണ്. തൊഴില്‍ നല്‍കുന്നതിന് നിങ്ങളുടെ മന്ത്രിമാര്‍ 40 ശതമാനമാണ് കമ്മീഷന്‍ വാങ്ങുന്നതെന്ന് നിങ്ങളോട് ഞാന്‍ പറയുകയാണ്’, പ്രിയങ്ക ഗാന്ധി പറഞ്ഞു. സംസ്ഥാനത്തെ പൊതുപണമായ 1.5 ലക്ഷം കോടി രൂപ തട്ടിയെടുക്കപ്പെട്ടെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here