ഭൂമി താഴുന്നു, വീടുകളില്‍ വിളളല്‍; ജോഷിമഠില്‍ 600 കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ ഉത്തരവ്

0
205

ഡെറാഡൂണ്‍: മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ജോഷിമഠ് പട്ടണത്തിലെ നാശനഷ്ടം സംഭവിച്ച വീടുകളില്‍ താമസിക്കുന്ന 600 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉത്തരവിട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. കഴിഞ്ഞ ഒരു വര്‍ഷമായി മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഭൂമി താഴുകയാണെന്നും കഴിഞ്ഞ രണ്ടാഴ്ചയോടെയാണ് പ്രശ്‌നം രൂക്ഷമായതെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പല വീടുകളിലും വലിയ വിളളലുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

‘ജീവന്‍ രക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ആദ്യത്തെ പരിഗണന. ജോഷിമഠിലെ അപകടഭീഷണി നേരിടുന്ന വീടുകളില്‍ താമസിക്കുന്ന 600 ഓളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്’, ഡെറാഡൂണിലെ സ്ഥിതിഗതികള്‍ ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ അവലോകനം ചെയ്ത ശേഷം മുഖ്യമന്ത്രി ഡെറാഡൂണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി ശനിയാഴ്ച ജോഷിമഠ് സന്ദര്‍ശിക്കും.

മണ്ണിടിച്ചില്‍ കാരണമുണ്ടായ അപകടത്തെ തുടര്‍ന്ന് പുഷ്‌കര്‍ സിംഗ് ചില പ്രധാന നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. സുരക്ഷിതമായ സ്ഥലങ്ങളില്‍ താല്‍ക്കാലിക പുനരധിവാസ കേന്ദ്രങ്ങള്‍ ഒരുക്കുക, സഹായ ക്യാമ്പുകള്‍, എയര്‍ലിഫ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യങ്ങളും, മെഡിക്കല്‍ സൗകര്യങ്ങളും ഉറപ്പാക്കുക, അപകട മേഖലകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുക, പ്രശ്‌ന ബാധിത മേഖലയില്‍ ഡ്രെയിനേജ് പദ്ധതികള്‍ തയ്യാറാക്കുക തുടങ്ങിയവയാണ് അദ്ദേഹം മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍.

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ബദരീനാഥിലേക്കും ഹേമകുണ്ഡ് സാഹിബിലേക്കും പോകുന്ന വിനോദസഞ്ചാരികളുടെ പ്രധാന റൂട്ടാണ് ജോഷിമഠ്. 6,000 അടി ഉയരത്തിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. 2011 ലെ സെന്‍സസ് പ്രകാരം 3,800 ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മണ്ണിടിച്ചിലില്‍ സിങ്ധര്‍ വാര്‍ഡിലെ പ്രധാന ക്ഷേത്രം തകര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ 15 ദിവസമായി കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. അതിനാല്‍ ആളപായം ഉണ്ടായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here