‘തിരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് ഒരു പ്രമുഖന്‍ ബിജെപിയിലേക്ക് പോകും’; വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി പിണറായി

0
242

വരുന്ന തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസില്‍നിന്ന് ഒരു പ്രമുഖന്‍ ബി.ജെ.പി.യിലേക്ക് പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ പല പ്രമുഖ നേതാക്കളും ഇപ്പോള്‍ ബി.ജെ.പി.യിലേക്ക് കൂടുമാറിക്കഴിഞ്ഞു. ബി.ജെ.പി. ഇനിയും ഭരിച്ചാല്‍ രാജ്യത്തിന് വിനാശമാകുമെന്ന് കരുതുന്നവരുടെ കൂട്ടായ്മ ഉണ്ടാകണം. പ്രാദേശിക കക്ഷികള്‍ ചേരുന്ന ബദല്‍ രാഷ്ട്രീയമാണ് വരാനിരിക്കുന്നത്. ആവശ്യമെങ്കില്‍ ബി.ജെ.പി.യിലേക്ക് പോകും എന്നുപറയുന്ന ഒരു കെ.പി.സി.സി. അധ്യക്ഷനാണ് ആ പാര്‍ട്ടിക്കുള്ളത്. ബി.ജെ.പി.യെ നേരിടാന്‍ തക്കവണ്ണം ഒരു രാഷ്ട്രീയ ശക്തിയായി ഉയര്‍ന്നുവരാന്‍ നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനാകില്ലെന്നും അദേഹം പറഞ്ഞു.

രാജ്യത്ത് ബദല്‍ നയം നടപ്പാക്കുന്ന ഏക സംസ്ഥാനമാണ് കേരളമെന്ന് അദേഹം പറഞ്ഞു. .സംസ്ഥാനത്തിന് അര്‍ഹമായി കിട്ടേണ്ടത് മാത്രമാണ് നാം ആവശ്യപ്പെടുന്നത്. അത് നിഷേധിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. കേന്ദ്രത്തിന്റെ ഈ നിലപാട് ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. വരും നാളുകളില്‍ ഇതിനെതിരെ ശക്തമായ ജനരോഷം തെക്ക് മുതല്‍ വടക്ക് വരെ സംസ്ഥാനത്ത് ഉയര്‍ന്ന് വരുമെന്ന് അദേഹം പറഞ്ഞു.

കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാന്‍ കേന്ദ്രം ശ്രമിച്ചാല്‍ അതിനെതിരെ ശക്തമായ ജനരോഷം ഉയരുന്നതിന്റെ ഭാഗമാണ് സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടക്കുന്ന സംസ്ഥാന ജാഥ.

കേന്ദ്ര സര്‍ക്കാര്‍ അര്‍ഹമായ തൊഴിലവസരം നിഷേധിക്കുന്നു, പൊതു മേഖലകള്‍ വിറ്റുതുലയ്ക്കുന്നു. അതിനു വിപരീതമായി അര്‍ഹരായവര്‍ക്കെല്ലാം ക്ഷേമപെന്‍ഷനുകള്‍ എല്ലാ മാസവും സംസ്ഥാനത്ത് നല്‍കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ ചേര്‍ത്തുപിടിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. കേന്ദ്രത്തില്‍ യുപിഎസ് സി നടത്തിയ നിയമനങ്ങളേക്കാള്‍ അധികം നിമയനങ്ങള്‍ കേരളത്തില്‍ പിഎസ് സി മുഖേന നടപ്പാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് പരമ ദരിദ്രരെ കണ്ടെത്തി അവരെയും ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ 64,000 പേരുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി മാത്രം നയങ്ങള്‍ നടപ്പാക്കുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന് ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. ഇത്തരത്തില്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി നയങ്ങള്‍ നടപ്പാക്കുന്ന കേരള സര്‍ക്കാരിനെ തകര്‍ക്കാനും പ്രതിസന്ധിയിലാക്കാനുമാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here