തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിലെ 5.20 കോടി രൂപയുടെ നഷ്ടം ഈടാക്കാൻ സംസ്ഥാന വ്യാപകമായി നേതാക്കളുടെയും പ്രവർത്തകരുടെയും 236 സ്വത്തുക്കൾ ജപ്തി ചെയ്തു. രണ്ടു ദിവസമായി നടന്ന നടപടികൾ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ പൂർത്തിയായി. ജപ്തി ചെയ്ത ഭൂമിയുടെ കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മലപ്പുറത്താണ് ഏറ്റവും കൂടുതൽ ജപ്തി 126. തിരൂർ താലൂക്കിൽ മാത്രം 43 പേരുടെ സ്വത്ത് ജപ്തി ചെയ്തത്. കോഴിക്കോട്ട് 23ഉം,പാലക്കാട്ട് 16ഉം,തൃശൂരിൽ 15ഉം വയനാട്ടിൽ 14ഉം പേരുടെ സ്വത്തുക്കളാണ് ജപ്തി ചെയ്തത്. നടപടികൾ പൂർത്തിയായതിന്റെ റിപ്പോർട്ടുകൾ ആഭ്യന്തര വകുപ്പിന് ഉടൻ കൈമാറും. 23 ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകണം. സ്വത്തുക്കളുടെ ലേലം കോടതി ഉത്തരവ് അനുസരിച്ചാകും. അതേസമയം മലപ്പുറത്ത് എടരിക്കോട് പഞ്ചായത്തിലെ ലീഗ് മെമ്പർ സി.ടി.അഷ്റഫിനും അങ്ങാടിപ്പുറത്ത് പി.എഫ്.ഐ ബന്ധമില്ലാത്ത രണ്ട് പേർക്കും ജപ്തി നേരിടേണ്ടി വന്നു. പേരിലെ സാമ്യം കൊണ്ട് പിഴവ് പറ്റിയെന്നാണ് വിവരം.
മറ്റു ജില്ലകളിൽ
ആലപ്പുഴ
അഞ്ച് നേതാക്കളുടെ 32.970 സെന്റ് . മുൻ ജില്ലാ സെക്രട്ടറി ഷിറാസിന്റെ രണ്ടും പള്ളിപ്പറമ്പിൽ റിയാസിന്റെ 4.47ഉം വണ്ടാനം നവാസിന്റെ 4.98ഉം മണ്ണഞ്ചേരി നിഷാദിന്റെ 11.88ഉം ചെങ്ങന്നൂർ നൗഫലിന്റെ 9.23ഉം സെന്റാണ് ജപ്തി ചെയ്തത്.
കാസർകോട്
ചീമേനി സിറാജുദ്ദീന്റെ 1.93 ഏക്കറും പോപ്പുലർ ഫ്രണ്ട് കാസർകോട് ജില്ലാ പ്രസിഡന്റ് സി.ടി സുലൈമാന്റെ ആറ് ഏക്കറും
കണ്ണൂർ
എട്ടു പേർക്കാണ് നടപടി. ഏച്ചൂരിലെ കെ.വി.നൗഷാദിന്റെ 25 സെന്റ്, മാവിലായി നൗഷാദിന്റെ 12 സെന്റും വീടും, കടമ്പൂർ കെ.വി.നൗഷാദിന്റെ രണ്ടര സെന്റും മൂന്ന് മുറി കടയും, തളിപ്പറമ്പ് റാസിഖിന്റെ പത്തു സെന്റ്, തലശേരി ഹാറൂണിന്റെ 33 സെന്റ്, മൊകേരി സമീറിന്റെ 9.83 സെന്റ്, കരിയാട് താഹിറിന്റെ 92.34 സെന്റ്, പെരിങ്ങളത്തെ സെമീറിന്റെ കാർ.
കോഴിക്കോട്
14പേരുടെ 23 സ്വത്തുക്കൾ ജപ്തി ചെയ്തു. കോഴിക്കോട്, താമരശേരി, കൊയിലാണ്ടി, വടകര താലൂക്കുകളിലാണ് നടപടി. ഫറോക്ക് അബ്ദുൾ ബഷീർ, ഒളവണ്ണ അൻവർ ഹുസൈൻ, നെല്ലിക്കോട് അബ്ദുൽ കബീർ, മാവൂർ തയ്യിൽ മുനീർ, പെരുവയൽ അഹമ്മദ് കുട്ടി, തിരുത്തിയിൽ ഉസ്മാൻ, പടനിലം ഇസ്മായിൽ, തൃശൂർ സ്വദേശി യഹിയാ തങ്ങളുടെ കൊയിലാണ്ടിയിലെ സ്ഥലം, കാസർകോട് സ്വദേശി സി.ടി. സുലൈമാന്റെ ട്രസ്റ്റ്, പേരാമ്പ്ര മുഹമ്മദ് അഷ്റഫ്, വടകര സമീർ, കൊടുവള്ളി സുബൈർ, പടനിലം ടി എം ഇസ്മായിൽ, പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം തൃശൂർ സ്വദേശി യഹിയകോയ തങ്ങളുടെ കൊയിലാണ്ടിയിലെ ഡാലിയാ പ്ലാസ കെട്ടിടം എന്നിവർക്കാണ് നോട്ടീസ്.
വയനാട്
14 പേർക്കാണ് നടപടി. 12 പേരുടെ സ്വത്ത് ജപ്തി ചെയ്തു. രണ്ട് പേരുടെ നടപടികൾ പൂർത്തിയായില്ല.
ജപ്തിയും കണ്ടു കെട്ടലും
വ്യക്തിയുടെ പേരിലുള്ള സ്വത്തു വകകൾ അയാൾക്ക് സ്വന്തം നിലയ്ക്ക് വിനിമയം ചെയ്യാൻ കഴിയാത്ത വിധത്തിൽ മരവിപ്പിച്ചിടുന്ന പ്രക്രിയയാണ് ജപ്തി. ഇതിന് കേരള റവന്യു റിക്കവറി നിയമത്തിലെ സെക്ഷൻ ഏഴ് പ്രകാരം നോട്ടീസ് നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കണം. നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കാനുള്ള കോടതി ഉത്തരവു പാലിക്കാതിരുന്നതിനാൽ പോപ്പുലർ ഫ്രണ്ട് കേസിൽ സ്വത്തുക്കൾ ജപ്തി ചെയ്യാൻ മുൻകൂർ നോട്ടീസ് നൽകേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ജപ്തി നടപടികൾ പുരോഗമിച്ചത്.
കണ്ടു കെട്ടൽ : ജപ്തി ചെയ്ത ഭൂമി വിറ്റ് തുക വസൂലാക്കുന്ന നടപടിക്രമമാണ് കണ്ടുകെട്ടൽ. വ്യക്തികളിൽ നിന്നുള്ള തുക ഈടാക്കാനുള്ള അന്തിമ നടപടിയാണിത്. പോപ്പുലർ ഫ്രണ്ടിന്റെയും സംഘടനയുടെ ഭാരവാഹികളുടെയും സ്വത്തുക്കൾ ജപ്തി ചെയ്തശേഷം കണ്ടുകെട്ടിയാണ് നഷ്ടപരിഹാരത്തുക ഈടാക്കേണ്ടത്.