PFI ഹര്‍ത്താല്‍; ജപ്തി നടപടി നേരിടേണ്ടവരുടെ പട്ടികയില്‍ 15 വര്‍ഷം മുന്‍പ് മരിച്ച ആളും

0
175

കോട്ടയ്ക്കല്‍(മലപ്പുറം): ഹര്‍ത്താല്‍ നഷ്ടം ഈടാക്കാനായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടല്‍ നടപടിയുടെ ആദ്യഘട്ടത്തില്‍ കോട്ടയ്ക്കലില്‍ ജപ്തി നടപടികള്‍ എടുക്കേണ്ടവരുടെ ലിസ്റ്റില്‍ പതിനഞ്ച് വര്‍ഷം മുന്‍പ് മരിച്ച ആളും.

മരിച്ച അലവി പള്ളിയാലിയുടെ പേരാണ് ലിസ്റ്റില്‍ ഉള്ളത്. ലിസ്റ്റില്‍ എന്തോ പിശക് സംഭവിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് കോട്ടയ്ക്കല്‍ വില്ലേജ് ഓഫീസര്‍ സുരേഷ് ബാബു പറഞ്ഞു.

ഇപ്പോള്‍ മൂന്ന് പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഫൈസല്‍, മജീദ്, അവറാന്‍കുട്ടി കൊളക്കാടന്‍ എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി.

നടപടി നേരിട്ട ലീഗ് നേതാവ് പരാതി നല്‍കും

എടരിക്കോട് ലീഗ് പ്രാദേശിക നേതാവും എടരിക്കോട് പഞ്ചായത്ത് അംഗവുമായ സി.ടി. അഷറഫിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. എന്നാല്‍ ആളുമാറി നടപടിയെടുത്തതാണെന്നും ഇതിനെതിരെ കളക്ടര്‍ വി.ആര്‍. പ്രേംകുമാറിനും ജില്ലാ പോലീസ് മേധാവി സുജിത് ദാസിനും പരാതി നല്‍കുമെന്നും അഷറഫ് പറഞ്ഞു.

ഹര്‍ത്താല്‍ കേസുമായി ബന്ധപ്പെട്ട് കോട്ടയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ രേഖയില്‍ ക്ലാരി സൗത്ത് സ്വദേശിയായ ചെട്ടിയാംതൊടി ബീരാന്റെ മകന്‍ അഷറഫ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പക്ഷേ, കണ്ടുകെട്ടിയത് ചെട്ടിയാംതൊടി മുഹമ്മദിന്റെ മകന്‍ അഷറഫിന്റെ വീടും സ്ഥലവുമാണ്. പേരിലും വിലാസത്തിലുമുള്ള സാമ്യംകൊണ്ട് ആളുമാറി സ്വത്ത് കണ്ട് കെട്ടിയെന്നാണ് അഷറഫിന്റെ പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here