ഏലയ്ക്കയിലെ കീടനാശിനി: ശബരിമലയില്‍ അരവണ വിതരണം നിര്‍ത്തിവച്ചു, ഏലയ്ക്ക ഇല്ലാത്ത അരവണ നാളെ മുതല്‍

0
186

ശബരിമലയിലെ അരവണ വിതരണം തടഞ്ഞ് ഹൈക്കോടതി. കീടനാശിനി ഉപയോഗിച്ചുള്ള ഏലക്കായാണ് അരവണയില്‍ ഉപയോഗിക്കുന്നതെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. അതിനാല്‍, അടിയന്തരമായി അരവണ വിതരണം നിര്‍ത്തിവെയ്ക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് വന്നതിന് പിന്നാലെ ദേവസ്വം ബോര്‍ഡ് അരവണ വിതരണം നിര്‍ത്തിവെച്ചു. സന്നിധാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ നടപടികള്‍ സ്വീകരിക്കണം.

ഭക്ഷ്യയോഗ്യമായ ഏലയ്ക്ക ഉപയോഗിച്ചോ, അത് ലഭ്യമല്ലെങ്കില്‍ ഏലയ്ക്ക് ഇല്ലാതെയോ അരവണ നിര്‍മിക്കാം. ഇക്കാര്യത്തില്‍ സ്‌പൈസസ് ബോര്‍ഡുമായി കൂടിയാലോചന നടത്താമെന്നും കോടതി വ്യക്തമാക്കി.തീര്‍ഥാടകരുടെ താല്‍പര്യത്തിനാണ് പരിഗണനയെന്ന് വ്യക്തമാക്കിയ കോടതി, ഭക്ഷ്യയോഗ്യമല്ലാത്ത എലയ്ക്ക ഉപയോഗിക്കുന്നത് ചെറിയ വിഷയമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരിമലയില്‍ അരവണയില്‍ ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഏലയ്ക്കയെന്ന് ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി വിതരണം നിര്‍ത്താന്‍ ഉത്തരവിട്ടത്.

ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെ കരാര്‍ നല്‍കിയതും ഹൈക്കോടതി പരിശോധിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു സ്വകാര്യ വ്യക്തി നല്‍കിയ പരാതിയാണു കോടതി പരിഗണിക്കുന്നത്. പമ്പയിലെ ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയില്‍ പരിശോധിച്ചു ഗുണനിലവാരം ഉള്ള ഏലയ്ക്ക മാത്രമാണ് ഇപ്പോള്‍ സന്നിധാനത്തേക്ക് അയയ്ക്കുന്നത്. അല്ലാത്തവ തിരിച്ചയയ്ക്കുകയാണ്.

അതേസമയം, ഏലയ്ക്ക് ഗുണനിലവാരമില്ലെന്ന റിപ്പോര്‍ട്ടില്‍ ആശങ്കപ്പെടാനില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പറഞ്ഞു. പമ്പയിലെ ലാബില്‍ പരിശോധിച്ചാണ് ഏലയ്ക്ക വാങ്ങുന്നത്. ആരോപണത്തിന് പിന്നില്‍ കരാറുകാര്‍ തമ്മിലുള്ള മത്സരമാണ്. കോടതി നിര്‍ദേശപ്രകാരം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here