ശ്രീലങ്കയുടെ വഴിയേ പാകിസ്ഥാനും; റോക്കറ്റുപോലെ പണപ്പെരുപ്പം, ​ഗോതമ്പിനും ക്ഷാമം

0
193

ഇസ്ലാമാബാദ്: ശ്രീലങ്കക്ക് പിന്നാലെ അയൽരാജ്യമായ പാകിസ്ഥാനെയും സാമ്പത്തിക പ്രതിസന്ധി തുറിച്ചുനോക്കുന്നു. കടുത്ത വിലക്കയറ്റവും വിദേശനാണ്യശേഖരത്തിലെ കുറവും  വിദേശകടബാധ്യതയുമാണ് പാകിസ്ഥാന് തിരിച്ചടിയായത്. അതിന് പുറമെ കഴിഞ്ഞ വർഷം രാജ്യത്തെ പിടിച്ചുകുലുക്കിയ പ്രളയം കാർഷികമേഖലയെ തകർത്തതും തിരിച്ചടിയായി. സഹായത്തിനായി സൗദിയെയും ചൈനയെയും സമീപിച്ചിരിക്കുകയാണ് പാകിസ്ഥാൻ.

കുതിച്ചുകയറി വില 

പാകിസ്ഥാനിൽ അവശ്യസാധനങ്ങൾക്ക് വിലകുതിച്ചുയരുകയാണ്. ​ഗോതമ്പിന്റെ വിലയിൽ വലിയ വർധനവുണ്ടായി ഒരുകിലോ ​ഗോതമ്പ് മാവിന് 150-160 പാകിസ്ഥാൻ രൂപയാണ് വില. അതുകൊണ്ടുതന്നെ സബ്സിഡി കേന്ദ്രങ്ങളിൽ ജനക്കൂട്ടമാണ്. കഴിഞ്ഞ ദിവസം സബ്‌സിഡി നിരക്കില്‍ സര്‍ക്കാര്‍ നല്‍കുന്ന ആട്ടയ്ക്ക് വേണ്ടിയുള്ള തിക്കിലും തിരിക്കിലുംപെട്ട് ഒരാൾ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ​ഗോതമ്പ് വിലക്കുറവിൽ ലഭിക്കാൻ പൊരിവെയിലിൽ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട ​ഗതികേടിലാണ്. എല്ലാത്തരം ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. 40 രൂപയ്ക്ക് ലഭിച്ചിരുന്ന ​ഗോതമ്പ് ആട്ടയ്ക്ക് 150 രൂപവരെയാണ് വില വര്‍ധിച്ചത്. പഞ്ചസാരയും അരിയും ഭക്ഷ്യഎണ്ണയും ഉള്‍പ്പെടെ എല്ലാത്തിനും വില കുതിച്ചുയർന്നു.

വിലക്കയറ്റം തടയുന്നതിന് സര്‍ക്കാര്‍ കുറഞ്ഞ വിലക്ക് അവശ്യസാധനങ്ങൾ നൽകുന്നുണ്ടെന്നും ഇതൊന്നും മതിയാകാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. 24.5 ശതമാനമാണ് പാകിസ്ഥാനിലെ പണപ്പെരുപ്പം. ഡോളറുമായുള്ള പാകിസ്താന്‍ രൂപയുടെ വിനിമയമൂല്യം 30 ശതമാനത്തോളം ഇടിഞ്ഞത് ഇറക്കുമതി ചെലവ് ഇരട്ടിയാക്കി. രാഷ്ട്രീയ രം​ഗത്തെ അസ്ഥിരതയും പാകിസ്ഥാന്റെ നില പരുങ്ങലിലാക്കി. 55,500 കോടി രൂപയാണ് പാകിസ്താന്റെ നിലവിലെ വിദേശനാണ്യ കരുതല്‍ ശേഖരം.  ഈ തുക ഒരുമാസത്തെ അവശ്യവസ്തുക്കള്‍ ഇറക്കുമതിക്ക് മാത്രമേ തികയൂ.  273 ബില്യണ്‍ ഡോളർ ആണ് രാജ്യത്തിന്റെ പൊതു കടം. ഭക്ഷ്യവിലയിൽ 56 ശതമാനമാണ് വർധനവ്.

ഊർജ പ്രതിസന്ധി അതിരൂക്ഷം, മറികടക്കാൻ പൊടിക്കൈക്കൾ 

വിലക്കയറ്റത്തോടൊപ്പം രൂക്ഷമായ ഊര്‍ജ്ജ പ്രതിസന്ധിയും പാകിസ്ഥാനെ വലയ്ക്കുന്നു. ഇന്ധനവില കുതിച്ചുയർന്നതോടെ ഊർജമേഖലയും പ്രതിസന്ധി നേരിടുകയാണ്. ഊർജ്ജരം​ഗത്തെ പ്രതിസന്ധികൾ പരിഹരിക്കാനായി ഷോപ്പിങ് മാളുകളും മാര്‍ക്കറ്റുകളും ഓഡിറ്റോറിയങ്ങളും നേരത്തേ അടച്ചിടാൻ നിർദേശം നൽകി. രാത്രിയിലെ ഊർജ ഉപഭോ​ഗം കുറയ്ക്കുകയാണ് നടപടിയുടെ ലക്ഷ്യം. ഷോപ്പിങ് മാളുകൾ ഉൾപ്പെടെ എല്ലാ ഷോപ്പുകളും രാത്രി എട്ടരക്ക് ശേഷം പ്രവർത്തിപ്പിക്കരുതെന്നാണ് നിർദേശം. റെസ്റ്റോറന്റുകളും കല്യാണമണ്ഡപങ്ങളും രാത്രി 10ന് ശേഷം പ്രവർത്തിക്കാൻ അനുവാദമില്ല. വിവാഹ സത്കാരവും രാത്രി 10ന് ശേഷം അനുവ​ദിക്കില്ല. ഇന്ധന ഇറക്കുമതി കുറയ്ക്കുകയാണ് ലക്ഷ്യം.

വൈദ്യുതി ഉപഭോ​ഗം കുറയ്ക്കുന്നതിലൂടെ ഏകദേശം 62 ബില്യണ്‍ രൂപ ലാഭിക്കാനാവുമെന്നാണ് സര്‍ക്കാർ കണക്കുകൂട്ടുന്നത്. വൈദ്യുതി കൂടുതൽ ഉപയോ​ഗിക്കുന്ന ഫിലമെന്റ് ബൾബുകൾ, ഫാനുകൾ എന്നിവയുടെ ഉൽപാദനവും നിർത്തിയേക്കും. ഫോസിൽ ഇന്ധന ഉപഭോ​ഗം കുറയ്ക്കാനായി വൈദ്യുതി വാഹനങ്ങളെയും പ്രോത്സാഹിപ്പിക്കും. പാചകവാതകത്തിനും കടുത്തക്ഷാമമാണ് നേരിടുന്നത്. ഗ്യാസ് സിലണ്ടറുകള്‍ കിട്ടാനില്ലാതായതോടെ വലിയ പ്ലാസ്റ്റിക് കവറുകളിലാക്കി പാചകവാതകം വീട്ടിലെത്തിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പുറമെ കഴിഞ്ഞവര്‍ഷമുണ്ടായ മഹാപ്രളയത്തിൽ കാർഷിക മേഖലയിലെ വൻനഷ്ടം പാകിസ്ഥാന്റെ ഭക്ഷ്യോൽപാദനത്തെയും സാമ്പത്തിക രം​ഗത്തെയും ഉലച്ചു. രണ്ടരലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമാണ് പ്രളയം കാരണമുണ്ടായത്.

കൊവിഡും പ്രളയവും വിദേശകടവും

കഴിഞ്ഞ ജൂണിലെ പ്രളയം പാകിസ്ഥാനെ സാമ്പത്തികമായി മുക്കി. 1700-ലധികം പേരാണ് പ്രളയത്തില്‍ മരിച്ചത്. ആയിരക്കണക്കിന് പേര്‍ ആശുപത്രിയിലായി. പ്രളയത്തിന് പിന്നാലെ ദാരിദ്ര്യം അഞ്ചുശതമാനം വര്‍ധിച്ചു. രണ്ടുലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. കാര്‍ഷിക മേഖലയിലെ വളര്‍ച്ചയും ഉൽപാദനവും ഇടിഞ്ഞു. ഇതോടെ ഭക്ഷ്യവസ്തുക്കൾക്കും ഇറക്കുമതിയെ ആശ്രയിക്കേണ്ടി വന്നു. നേരത്തെ കൊവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് കരകയറാമ്‍ ശ്രമിക്കുന്നതിനിടെയാണ് ഇടിത്തിയായി പ്രളയമുണ്ടായത്. മാന്ദ്യകാലത്ത് പാക് സർക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ വികലമായിരുന്നുവെന്നും അതുകൊണ്ടാണ് കടുത്ത പ്രതിസന്ധിയെ നേരിടേണ്ടി വരുന്നതെന്നും വിമർശനമുയരുന്നുണ്ട്. വിദേശനാണ്യകരുതൽ ശേഖരത്തിൽ വൻകുറവ് വന്നതോടെ കടം തിരിച്ചടവ് മുടങ്ങിയത് അന്താരാഷ്ട്ര സാമ്പത്തിക രം​ഗത്ത് പാകിസ്ഥാന് തിരിച്ചടിയായി. തിരിച്ചടവിൽ അലംഭാവം കാണിച്ചതോടെ രാജ്യാന്തര ഏജന്‍സികളും വിദേശ രാജ്യങ്ങളും പാകിസ്ഥാന് കടും കൊടുക്കാൻ വിമുഖത കാണിക്കുന്നു. വിദേശ കടം ലഭിക്കാനായി ഐഎംഎഫിന്റെ നിർദേശങ്ങൾ പാലിച്ചെങ്കിലും മുഴുവൻ പണവും ലഭിച്ചില്ല. പെട്രോൾ, ഡീസൽ എന്നിവക്ക് നൽകിയ സബ്സിഡിയും ഐഎംഎഫ് നിർദേശത്തെ തുടർന്ന് പാകിസ്ഥാൻ ഒഴിവാക്കി.

സൗദിക്കും ചൈനക്കും മുന്നിൽ കൈനീട്ടുന്നു 

സാമ്പത്തിക സഹായത്തിനായി പാകിസ്ഥാൻ സൗഹൃദ രാജ്യങ്ങളായ ചൈനയെയും സൗദിയെയും സമീപിച്ചു. കരസേനാ മേധാവി ജനറൽ അസിം മുനീർ റിയാദിൽ സൗദി പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ചൈനീസ് സഹായം തേടി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചൈനീസ് പ്രധാനമന്ത്രി ലീ കെകിയാങ്ങിനെ ബന്ധപ്പെട്ടു. ഐഎംഎഫിൽ നിന്ന് ലഭിക്കാനുള്ള പണത്തിനായി സമ്മർദ നീക്കവും ശക്തമാക്കി. ഐഎംഎഫിൽ നിന്ന് ഇതുവരെ പകുതി ഫണ്ട് മാത്രമേ പാകിസ്ഥാന് ലഭിച്ചിട്ടുള്ളൂ. ജനുവരി 9 ന് ജനീവയിൽ ആരംഭിച്ച സമ്മേളനത്തോടനുബന്ധിച്ച്  ഐഎംഎഫ് പ്രതിനിധി സംഘം പാകിസ്ഥാൻ ധനമന്ത്രിയെ കാണുമെന്ന് പറഞ്ഞിരുന്നു.
മൊത്തം 6 ബില്യൺ ഡോളറിന്റെ സഹായമാണ് പാകിസ്ഥാൻ തേടിയത്. കഴിഞ്ഞ നവംബറിൽ നൽകേണ്ട 1.1 ബില്യൺ ഡോളർ ഇതുവരെ ഐഎംഎഫ് പാകിസ്ഥാന് നൽകിയിട്ടില്ല. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വെള്ളിയാഴ്ച ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജിയേവയുമായി ചർച്ച നടത്തിയിരുന്നു.

ഐഎംഎഫിന് പാകിസ്ഥാനെ വിശ്വാസമില്ല

മുടങ്ങിക്കിടന്ന 6 ബില്യൺ ഡോളറിന്റെ വായ്പ പുനഃസ്ഥാപിച്ചപ്പോൾ പാകിസ്ഥാൻ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നാണ് ഐഎംഎഫിന്റെ പ്രധാന പരാതി. അതുകൊണ്ടാണ് ബാക്കി തുക അനുവദിക്കാതിരിക്കുന്നത്. ഇന്ധന സബ്സിഡി പിൻവലിക്കൽ, കൂടുതൽ നികുതി ചുമത്തൽ, വിനിമയ നിരക്കിൽ കൃത്രിമം അവസാനിപ്പിക്കു തുടങ്ങിയ ഉപാധികളാണ് ഐഎംഎഫ് മുന്നോട്ടുവെച്ചത്. ഇവയിൽ പലതും പാകിസ്ഥാൻ പാലിച്ചില്ലെന്ന് ഐഎംഎഫ് കുറ്റപ്പെടുത്തുന്നു. വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യത്തിൽ പ്രധാനമന്ത്രി ഷെരീഫ് ഇളവ് തേടിയിരുന്നു.

വിദേശനാണ്യ കരുതൽ ശേഖരം എട്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.  5.6 ബില്യൺ ഡോളർ മാത്രമാണ് കരുതൽ. വാണിജ്യ ബാങ്കുകൾ കൈവശം വച്ചിരിക്കുന്ന മറ്റൊരു 5.8 ബില്യൺ ഡോളർ കൂടി ചേർത്താൽ 11.4 ബില്യൺ ഡോളർ കരുതൽ ശേഖരമേ ആകൂ. ഈ തുക കഴിഞ്ഞ വർഷത്തെ വിദേശനാണ്യ കരുതൽ ശേഖരത്തിന്റെ പകുതിയാണെന്നാണ് റിപ്പോർട്ട്. വിദേശ കടം, മരുന്ന്, ഭക്ഷണം, ഊർജം തുടങ്ങിയ നിർണായക ചരക്കുകളുടെ ഇറക്കുമതി എന്നിവയാണ് പ്രധാന ആശങ്കകൾ. നടപ്പ് സാമ്പത്തിക വർഷത്തിലെ അടുത്ത മൂന്ന് മാസത്തിനുള്ളിൽ (ജനുവരി-മാർച്ച്) വിദേശ കടത്തിൽ ഏകദേശം 8.3 ബില്യൺ ഡോളർ പാകിസ്ഥാൻ തിരിച്ചടയ്ക്കേണ്ടിവരും. പാകിസ്ഥാൻ രൂപ യുഎസ് ഡോളറിനെതിരെ 227 എന്ന നിലയിലേക്ക് കൂപ്പുകുത്തിയതും സ്ഥിതി കൂടുതൽ വഷളാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here