പാകിസ്താനില്‍ പെട്രോളിനും ഡീസലിനും 35 രൂപവീതം കൂട്ടി; പെട്രോള്‍ ലിറ്ററിന് 249.80 രൂപ

0
212

ഇസ്ലാമാബാദ്: സാമ്പത്തികപ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ പെട്രോളിനും ഡീസലിനും 35 രൂപവീതം വര്‍ധിപ്പിച്ച് പാക് സര്‍ക്കാര്‍. പണപ്പെരുപ്പവും ജീവിതച്ചെലവിലെ വര്‍ധനയുംകൊണ്ട് നട്ടംതിരിയുന്ന പാക് ജനതയ്ക്ക് ഇത് അക്ഷരാര്‍ഥത്തില്‍ ഇരുട്ടടിയായി. ഞായറാഴ്ച രാവിലെ ടെലിവിഷന്‍വഴി ധനമന്ത്രി ഇഷാഖ് ധറാണ് സുപ്രധാന തീരുമാനം ജനങ്ങളെ അറിയിച്ചത്. ഇതോടെ പെട്രോള്‍ വില ലിറ്ററിന് 249 രൂപ 80 പൈസയായും ഡീസല്‍ വില 262 രൂപ 80 പൈസയായും ഉയര്‍ന്നു. മണ്ണെണ്ണയ്ക്ക് 18 രൂപ കൂട്ടി.

പുതുക്കിയ വില ഞായറാഴ്ച രാവിലെ നിലവില്‍വന്നു.

എല്ലാമാസവും ഒന്നുമുതല്‍ പതിനാറാം തീയതിവരെ രണ്ടാഴ്ചയിലൊരിക്കലാണ് പാകിസ്താനില്‍ എണ്ണവില പുതുക്കുന്നത്. സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കര്‍ശന വ്യവസ്ഥകള്‍ പാലിച്ച് അന്താരാഷ്ട്രനാണയനിധിയുടെ വായ്പപ്പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ ഭരണസഖ്യം തയ്യാറാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. വിലവര്‍ധനയ്ക്ക് മുന്നോടിയായി പാകിസ്താനിലെ പെട്രോള്‍പമ്പുകളില്‍ കനത്തതിരക്കാണ് അനുഭവപ്പെട്ടത്. പാകിസ്താന്‍ രൂപയുടെ മൂല്യം കഴിഞ്ഞദിവസങ്ങളില്‍ വന്‍തോതില്‍ ഇടിഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here