‘നിങ്ങളാണ് ഈ കട പൂട്ടിച്ചത്’; കാസ‍‍‍‍‍‍‍‍ർ​ഗോഡ് ചിക്കൻ കടം വാങ്ങിയതിനു ശേഷം പണം നൽകാത്തതിൽ പ്രതിഷേധിച്ച് കടയുടമ

0
252

കാസ‍‍‍‍‍‍‍‍ർ​ഗോഡ്: ചിക്കൻ കടം വാങ്ങിയതിനു ശേഷം പണം നൽകാതിരുന്നതിനെ തുട‍ർന്ന് കടയടച്ച് വേറിട്ട പ്രതിഷേധവുമായി കടയുടമ. കാസ‍ർ​ഗോഡ് ആദൂരിലെ സിഎ ന​ഗർ ചിക്കൻ കട ഉടമയായ ഹാരിസാണ് കടയ്ക്ക് മുന്നിൽ ബോ‍ർഡ് വെച്ച് പ്രതിഷേധിച്ചത്. കോഴി കടം വാങ്ങിയതിനു ശേഷം പൈസ നൽകാത്തതിനെ തുട‍‍ർന്നുണ്ടായ സാമ്പത്തിക നഷ്ടത്തിനു പിന്നാലെയാണ് ഇത്തരത്തിൽ പ്രതിഷേധം അറിയിച്ചതെന്ന് ഹാരിസ് പറഞ്ഞു.

‘കോഴി കടം വാങ്ങി പൈസ തരാതെ നിങ്ങളാണ് ഈ കട പൂട്ടിച്ചത്. നിങ്ങള്‍ വാങ്ങിയതിന്‍റെ പൈസ ഉടന്‍ തന്നെ നല്‍കേണ്ടതാണ് അല്ലാത്ത പക്ഷം തരാത്തവരുടെ പേര് ഇവിടെ വെളിപ്പെടുത്തുന്നതായിരിക്കും’ ചിക്കന്‍ കടം വാങ്ങിയവര്‍ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് സാമ്പത്തിക നഷ്ടം സംഭവിച്ച ഒരു വ്യാപാരി തന്‍റെ കടയ്ക്ക് മുന്നില്‍ സ്ഥാപിച്ച ബോര്‍ഡിലെ വാക്കുകളാണിത്. സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ കട പൂട്ടുകയായിരുന്നു.

കഴിഞ്ഞ 20 വർഷത്തോളമായി ദുബായില്‍ ജോലി ചെയ്തിരുന്നയാളാണ് ഹാരിസ്. കൊവിഡിനെ തുടർന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിൽ തന്നെ. ഉപജീവന മാര്‍ഗത്തിനായിട്ടാണ് ഒന്നരവർഷം മുമ്പ് കോഴിക്കട തുടങ്ങിയത്. ചെറിയ രീതിയിലുള്ള വരുമാനം ഇതിൽ നിന്ന് ലഭിച്ചിരുന്നെങ്കിലും പലരും കടമായി ചിക്കന്‍ വാങ്ങിയത് വലിയ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കി.

വീടുകളിലെ ചെറിയ പരിപാടികൾക്കും മറ്റും വലിയ അളവിൽ കോഴി കടമായിട്ടാണ് പലരും വാങ്ങിയിരുന്നത്. പലരും ഇതുവരെ പണം നൽകിയിട്ടില്ലെന്ന് ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. കോഴി വെട്ടിയ ശേഷം പണം പിന്നെ തരാമെന്നു പറയും. കൂടാതെ വീടുകളിൽ കോഴി കൊണ്ടുകൊടുത്ത വകയിലും വലിയ തുക കിട്ടാനുണ്ടെന്നും ഹാരിസ് കൂട്ടിച്ചേർത്തു.

ഏകദേശം 55,000 രൂപ കിട്ടാനുള്ളത്. തരാനുള്ളവരുടെ മുഴുവൻ കണക്കുകളും തന്റെ കയ്യിലുണ്ടെന്ന് ഹാരിസ് പറഞ്ഞു. ഉപഭോക്താക്കളോടുള്ള വിശ്വാസം കൊണ്ടും പ്രശ്നങ്ങൾ പറയുമ്പോൾ മനസിന് അലിവ് തോന്നിയുമാണ് പലർക്കും ചിക്കന്‍ കടം കൊടുത്തിരുന്നത്. കിട്ടാനുള്ള പണം കൂടിയപ്പോൾ കട അടച്ചുപൂട്ടുക മാത്രമായിരുന്നു ഹാരിസിന് മുന്നിലുള്ള വഴി. അടുപ്പമുള്ള ചിലര്‍ നൽകിയ ഉപദേശത്തെ തുടര്‍ന്നാണ് ഇങ്ങനെയൊരു ബോർഡ് വെക്കേണ്ടി വന്നതെന്ന് ഹാരിസ് പറഞ്ഞു. കടയിൽ വെച്ച ബോ‍ർഡ് കണ്ട് ചിലർ പണം നൽകാനുണ്ടോ എന്ന് ചോദിച്ച് തന്നെ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇവർ ആരും തന്നെ പണം തരാൻ ഉള്ളവരായിരുന്നില്ല. അതേസമയം പണം നൽകാനുള്ളവർ വിളിച്ചിട്ടുമില്ലെന്ന് ഹാരിസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here