കേരളത്തിൽ ആലപ്പുഴയിൽ മാത്രം മൂന്ന് മിനിട്ട് മുമ്പ് പുതുവർഷമെത്തി, അതിന്റെ കാരണമാണ് രസകരം

0
183

ആലപ്പുഴ: പുതുവത്സരത്തെ വരവേൽക്കാൻ ആലപ്പുഴ ബീച്ചിലെത്തിയവർ മൂന്ന് മിനിട്ട് മുമ്പേ ‘പുത്തൻ വർഷ’ത്തെ വരവേറ്റു. 12 മണി ആയെന്ന് തെറ്റിദ്ധരിച്ച് 11.57നാണ് സംഘാടകർ ആദ്യ വെടി പൊട്ടിച്ചത്. പിന്നീട് തുടർച്ചയായി വർണപ്പടക്കങ്ങൾ ആകാശത്ത് വിരിഞ്ഞതോടെ, തീരത്ത് തിങ്ങി നിറഞ്ഞു നിന്നവർ ആയിരക്കണക്കിന് ബലൂണുകൾ ആകാശത്തേക്ക് പറത്തി. ഇതോടെ കൃത്യം 12 ആയപ്പോഴേക്കും പറത്തിവിടാൻ ഭൂരിഭാഗം പേരുടെയും കൈകളിൽ ബലൂണുകൾ അവശേഷിച്ചില്ല.

സമയം തെറ്റിച്ച് പുതുവർഷത്തെ വരവേറ്റത് പ്രതിഷേധത്തിനും കാരണമായി. സമീപ ജില്ലകളിൽ നിന്നുൾപ്പടെ പലരും കുടുംബമായാണ് ആലപ്പുഴ ബീച്ചിൽ പരിപാടി ആസ്വദിക്കാനെത്തിയത്. എന്നാൽ സ്റ്റേജിന് തൊട്ടടുത്ത് ഇരുന്നവർക്കൊഴികെ മറ്റാർക്കും സ്റ്റേജിലെ പരിപാടികൾ വ്യക്തമായി കേൾക്കാൻ സാധിച്ചില്ലെന്നും പരാതിയുണ്ട്. മുൻ വർഷങ്ങളിൽ ഗാനമേളയുൾപ്പടെ സ്റ്റേജിൽ നടക്കുന്ന ഏത് പരിപാടിയും അകലെ നിന്നുപോലും ആസ്വദിക്കാൻ സാധിക്കുമായിരുന്നു. ഇതും വിമർശനമുയർത്തി.

ഇത്തവണ മാരാരി, അർത്തുങ്കൽ ബീച്ച് ഫെസ്റ്റിവലുകൾ കൂടി ഉണ്ടായിരുന്നതിനാൽ സംഘാടകൾ ആലപ്പുഴ ബീച്ച് ഫെസ്റ്റിന് അർഹിക്കുന്ന പരിഗണന നൽകിയില്ലെന്നും പരാതിയുണ്ട്. എല്ലാവർഷവും ഉണ്ടാവാറുള്ള ഫുഡ് ഫെസ്റ്റും ഇത്തവണ ഒഴിവാക്കിയിരുന്നു. പതിവ് പോലെ ബീച്ച് ഫെസ്റ്റിന്റെ സമാപനവേളയിൽ സാമൂഹ്യവിരുദ്ധർ കുപ്പിയൽ മണ്ണ് നിറച്ച് എറിഞ്ഞു. ഇതോടെ പൊലീസ് ഉദ്യോഗസ്ഥരെത്തി എല്ലാവരെയും ഓടിക്കേണ്ട സ്ഥിതി വന്നു.

ഇരുളിലാണ്ട് പടക്കപ്പൽ

ആയിരങ്ങൾ എത്തുകയും ആഘോഷ പരിപാടികൾ അരങ്ങേറുകയും ചെയ്യുന്ന തീരത്ത് വെളിച്ചം പോലുമില്ലാതെ കിടക്കുന്ന പടക്കപ്പൽ നോക്കുകുത്തിയായി. ഇത്രയുംവലിയ പരിപാടി നടക്കുന്ന സ്ഥലത്ത് കപ്പലിൽ അലങ്കാര ലൈറ്റുകൾ സ്ഥാപിക്കാനെങ്കിലും അധികൃതർ ശ്രദ്ധിക്കണമായിരുന്നു എന്നാണ് വിമർശനങ്ങളുയരുന്നത്. സ്റ്റേജിനോട് ചേർന്ന ഭാഗത്തൊഴികെ മറ്റെങ്ങും ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here