‘ഒറ്റ രാത്രികൊണ്ട് ആയിരങ്ങളെ വേരോടെ പിഴുതെറിയരുത്’ ഉത്തരാഖണ്ഡ് കുടിയൊഴിപ്പിക്കലിന് സുപ്രിം കോടതി സ്റ്റേ

0
246

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് കുടിയൊഴിപ്പിക്കല്‍ സ്റ്റേ ചെയ്ത് സുപ്രിം കോടതി. ഒറ്റ രാത്രികൊണ്ട് അമ്പതിനായിരം ആളുകളെ വേരോടെ കുടിയൊഴിപ്പിക്കരുതെന്ന് കോടതി ചൂണ്ടിക്കാട്ടി. കുടിയൊഴിപ്പിക്കുന്നവരെ കേള്‍ക്കണം. ഉത്തരാഖണ്ഡ് സര്‍ക്കാറിനും റെയില്‍വേക്കും നോട്ടിസ്. ഇവിടെ തുടര്‍നിര്‍മാണ് പ്രവര്‍ത്തനം പാടില്ലെന്ന് പറഞ്ഞ കോടതി തിരക്കിട്ട് കുടിയൊഴിപ്പിക്കലല്ല പരിഹാരമെന്നും ചൂണ്ടിക്കാട്ടി. താമസക്കാരുടെ രേഖകള്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് ഫെബ്രുവരി ഏഴിന് വീണ്ടും പരിഗണിക്കും.

നൈനിറ്റാള്‍ ജില്ലയിലെ ഹല്‍ദ്വാനി റെയില്‍വേ സ്റ്റേഷന് സമീപമുള്ള കോളനികളില്‍ പതിറ്റാണ്ടുകളായി താമസിക്കുന്ന 5,000ത്തോളം കുടുംബങ്ങളെയാണ് അവരുടെ കിടപ്പാടത്തില്‍നിന്ന് ഒഴിപ്പിക്കുന്നത്. ഭൂരിഭാഗവും മുസ്‌ലിങ്ങളാണ് ഇവിടെയുള്ള താമസക്കാര്‍.

ഇവര്‍ താമസിക്കുന്ന സ്ഥലം റെയില്‍വേയുടേതാണെന്ന് അവകാശപ്പെട്ട് റെയില്‍വെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതില്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കുടുംബങ്ങള്‍ക്ക് ഒഴിയാന്‍ നോട്ടിസ് നല്‍കി. ഏഴ് ദിവസത്തെ സമയമാണ് ഒഴിയാന്‍ നല്‍കിയിരുന്നത്.

കയ്യേറ്റക്കാര്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ബലമായി തന്നെ ഭൂമി തിരിച്ചുപിടിക്കണമെന്നും അതിനായി ആവശ്യമെങ്കില്‍ പൊലിസിനെയും അര്‍ധസൈനികരെയും ഉപയോഗിക്കാമെന്നും കോടതി പറഞ്ഞിരുന്നു. ഇതിനായി ചിലവാകുന്ന തുക കയ്യേറ്റക്കാരില്‍ നിന്നും പിഴയായി ഈടാക്കും.

അതിനിടെ, ഹൈകോടതി വിധിക്കെതിരെ ഹല്‍ദ്വാനിയിലെ കോണ്‍ഗ്രസ് എം.എല്‍.എയായ സുമിത് ഹൃദയേഷിന്റെ നേതൃത്വത്തിലാണ് ഹരജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അബ്ദുള്‍ നസീര്‍, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗച്ചത്. പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായി.

ഒഴിപ്പിക്കല്‍ നീക്കത്തിനെതിരെ ഹല്‍ദ്വാനി ബാന്‍ഭൂല്‍പുരയിലെ താമസക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമടക്കം പതിനായിരക്കണക്കിനാളുകളാണ് റോഡില്‍ പ്രതിഷേധവുമായി തമ്പടിച്ചിരിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസമടക്കം മുടങ്ങുമെന്നും താമസിക്കാന്‍ മറ്റൊരു ഇടമില്ലെന്നും ഇവര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here