ഉദ്ഘാടനത്തിന് കാത്തിരുന്നില്ല; ബെംഗളൂരു-മൈസൂരു ദേശീയപാത തുറന്നു; കുതിച്ച് കെ.എസ്.ആര്‍.ടി.സികള്‍; മണിക്കൂറുകള്‍ ലാഭം; കേരളത്തിന് നേട്ടം

0
224

ദ്ഘാടനത്തിന് മുന്നേ ബെംഗളൂരു-മൈസൂരു ദേശീയപാത (എന്‍ എച്ച് 275) കേന്ദ്ര സര്‍ക്കാര്‍ തുറന്നു കൊടുത്തു. അറ്റകുറ്റപണികള്‍ അടക്കം പൂര്‍ത്തിയായ പാതയുടെ 90 ശതമാനം ഭാഗമാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. ഇതോടെ കേരള, കര്‍ണാടക ആര്‍ടിസികള്‍ മണിക്കൂറുകളാണ് ലാഭിക്കുന്നത്.

ഗതാഗതക്കുരുക്കില്‍ പെട്ട് പകല്‍ സര്‍വീസുകള്‍ ഉള്‍പ്പെടെ ബസുകള്‍ മണിക്കൂറുകള്‍ വൈകുന്നത് പതിവായിരുന്നു. ദേശീയപാതയിലെ 6 വരിയായാണ് വികസിപ്പിച്ചത്. ഇതിനൊപ്പം 4 വരി സര്‍വീസ് റോഡുകളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. രാമനഗര, ചന്നപട്ടണ, മണ്ഡ്യ എന്നിവിടങ്ങളിലെ ബൈപാസ് റോഡുകള്‍ കൂടി തുറന്നതോടെ നഗരങ്ങളിലെ തിരക്കില്‍പെടാതെ വേഗത്തില്‍ എത്താന്‍ സാധിക്കുന്നുണ്ട്.

മലബാര്‍ മേഖലയിലേക്കും തെക്കന്‍ കേരളത്തിലേക്ക് വയനാട്, ഗൂഡല്ലൂര്‍ വഴിയുള്ള ബസ് സര്‍വീസുകളും ബെംഗളൂരു-മൈസൂരു പാതയിലൂടെയാണ് കടന്നുപോകുന്നത്. 117 കിലോമീറ്റര്‍ ദൂരം വരുന്ന പാതയിലൂടെ പൂര്‍ണതോതില്‍ ഗതാഗതം അനുവദിക്കുന്നതോടെ ഇരു നഗരങ്ങള്‍ തമ്മിലുള്ള യാത്രാസമയം ഒരു മണിക്കൂര്‍ 10 മിനിറ്റ് വരെ മതിയാകുമെന്നാണു കഴിഞ്ഞ ആഴ്ച റോഡിന്റെ പരിശോധനയ്‌ക്കെത്തിയ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞത്. നിലവില്‍ ബെംഗളൂരുവിലെ കെങ്കേരി മുതല്‍ മണ്ഡ്യ നിദ്ദഘട്ട വരെയുള്ള ഭാഗത്ത് ഇരുവശങ്ങളിലേക്കും ഗതാഗതം അനുവദിച്ചിട്ടുണ്ട്.

രാവിലെ എത്തുന്ന ബസുകള്‍ അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ നേരത്തെ എത്തുന്നുണ്ട്. റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വെബ്‌സൈറ്റില്‍ ബസുകളുടെ സമയക്രമം ഉള്‍പ്പെടെ മാറ്റുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കും. ടോള്‍ പിരിവ് ആരംഭിക്കുമ്പോള്‍ ടിക്കറ്റ് നിരക്ക് കൂട്ടുന്നത് സംബന്ധിച്ച് ആലോചിച്ചിട്ടില്ലെന്ന് കേരള ആര്‍ടിസി ബെംഗളൂരു കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.

മൈസൂരുബെംഗളൂരു 10 വരി ദേശീയപാതയില്‍ മണ്ഡ്യ നിദ്ദഘട്ട മുതല്‍ ബെംഗളൂരു വരെയുള്ള 56 കിലോമീറ്ററാണ് തുറന്നുകൊടുത്തത്. മൈസൂരുവില്‍ നിന്ന് ബെംഗളൂരു ഭാഗത്തേക്കുള്ള റോഡാണു തുറന്നത്. ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്കുള്ള റോഡ് അടുത്ത മാസം ഗതാഗത യോഗ്യമാകുമെന്ന് ദേശീയ പാത അതോറിറ്റി (എന്‍എച്ച്എഐ) പ്രോജക്ട് ഡയറക്ടര്‍ ശ്രീധര്‍ പറഞ്ഞു. സര്‍വീസ് റോഡുകളുടെ നിര്‍മാണം വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകും.

117 കിലോമീറ്റര്‍ റോഡ് 2 ഘട്ടങ്ങളിലായാണ് സജ്ജമാക്കുക. കെങ്കേരി മുതല്‍ നിദ്ദഘട്ട വരെയുള്ള ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായി. നിദ്ദഘട്ട മുതല്‍ മൈസൂരു റിങ് റോഡ് ജംക്ഷന്‍ വരെയുള്ള 61.4 കിലോമീറ്റര്‍ ദസറയ്ക്ക് മുന്‍പ് തീര്‍ക്കും. രാജരാജേശ്വരിനഗര്‍ മെഡിക്കല്‍ കോളജ് മുതല്‍ കുമ്പളഗോഡ് വരെയുള്ള 4.5 കിലോമീറ്റര്‍ മേല്‍പാലം തയാറായി. രാമഗനഗര, ചന്നപട്ടണ, മണ്ഡ്യ എന്നിവിടങ്ങളില്‍ ബൈപാസ് റോഡുകളും നിര്‍മിച്ചു. പാത പൂര്‍ണമായി തുറന്നുകൊടുക്കുന്നതോടെ ബെംഗളൂരു മൈസൂരു യാത്രാസമയം ഒന്നര മണിക്കൂറായി ചുരുങ്ങും.

ബെംഗളൂരു മൈസൂരു യാത്രാസമയം കുറയുന്നതിന് പുറമെ കേരളത്തിന്റെ വടക്കന്‍മേഖലയിലുള്ളവര്‍ക്കും പാത ഗുണകരമാകും. . വയനാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ബെംഗളൂരുവിലെത്താന്‍ പ്രധാനമായും ആശ്രയിക്കുന്ന പാതയാണിത്. കൂടാതെ ഗൂഡല്ലൂര്‍ വഴി ഊട്ടി, നിലമ്പൂര്‍, മലപ്പുറം, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവരും ഈ പാതയെയാണ് ആശ്രയിക്കുന്നത്. കൊല്ലേഗല്‍കോഴിക്കോട് ദേശീയപാത (766) യിലേക്ക് മൈസൂരുവില്‍ നിന്ന് റിങ് റോഡ് വഴി പ്രവേശിക്കാനും സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here