ഹിന്ദു പെൺകുട്ടിയോട് സംസാരിച്ചതിന് മുസ്‌ലിം വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് ഹിന്ദുത്വ സംഘം; ആറ് പേർ അറസ്റ്റിൽ

0
298

ഭോപ്പാൽ: ഹിന്ദു പെൺകുട്ടിയുമായി സംസാരിച്ചതിന് മുസ്‌ലിം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് ഹിന്ദുത്വവാദികൾ. മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലാണ് സംഭവം. ഷഹബാസ് എന്ന യുവാവിനാണ് സംഘത്തിന്റെ ക്രൂര മർദനമേറ്റത്. ജനുവരി മൂന്നിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ 17നാണ് പുറത്തുവരുന്നത്.

സംഭവത്തിൽ ഷഹബാസിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. സ്വന്തം ​ഗ്രാമത്തിലെ പെൺകുട്ടിയുമായി പുസ്തകങ്ങളെ കുറിച്ചാണ് യുവാവ് സംസാരിച്ചതെന്നാണ് റിപ്പോർട്ടുകൾ. യുവാവിനെ ഒരു സംഘം ചോദ്യം ചെയ്യുന്നതും കൈയും വലിയ കമ്പുകളും ഉപയോ​ഗിച്ച് മർദിക്കുന്നതും ഷഹബാസ് നിലവിളിക്കുന്നതും സഹായത്തിനായി കേഴുന്നതും വീഡിയോയിൽ കാണാം.

‘കുറച്ചാളുകൾ വന്ന് എന്റെ പേര് ചോദിച്ചു. പേര് പറഞ്ഞതോടെ അവരെന്നെ പിടിച്ചുകൊണ്ടുപോയി. മെ​ഗാമാർട്ട് മാളിന്റെ പാർക്കിങ് ഏരിയയിലേക്ക് കൊണ്ടുപോയ ശേഷം മർദിക്കാൻ തുടങ്ങി. അവരെന്റെ പണവും തട്ടിയെടുത്തു. വലിയ കമ്പുകൾ കൊണ്ടുൾപ്പെടെയായിരുന്നു ക്രൂരമർദനം. ആക്രമണം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. അതിനു ശേഷം അവർ എനിക്കെതിരെ വ്യാജ പരാതി നൽകി’- ഷഹബാസ് വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

ആനന്ദ് എന്ന വ്യാജ പേരിൽ ഹിന്ദു പെൺകുട്ടിയെ ഷഹബാസ് പീഡിപ്പിക്കുന്നുവെന്നായിരുന്നു അവരുടെ പരാതി. എന്നാൽ അവരുടെ ആരോപണങ്ങൾ വ്യാജമാണെന്നും വാസ്തവ വിരുദ്ധമാണെന്നും യുവാവ് വ്യക്തമാക്കി. ഒരു സംഘം യുവാക്കൾ തന്നെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്നു കാട്ടി അതേ ദിവസം തന്നെ ഷഹബാസ് പരാതി നൽകുകയായിരുന്നു.

ഖണ്ഡ്വയിലെ കോട്വാലി പൊലീസ് സ്റ്റേഷനിലാണ് യുവാവ് പരാതി നൽകിയത്. തട്ടിക്കൊണ്ടുപോയി മർദനം സ്ഥിരീകരിച്ച ഹെഡ് കോൺസ്റ്റബിൾ ശങ്കർ ഇതിനോടകം ആറ് പേരെ അറസ്റ്റ് ചെയ്തതായും വ്യക്തമാക്കി. ‘ഷഹബാസിന്റെ പരാതിയിൽ ഞങ്ങൾ മർദക സംഘത്തിലെ ആറ് പേരെ അറസ്റ്റ് ചെയ്തു. അവരിപ്പോൾ ജയിലിലാണ്’- അദ്ദേഹം പറഞ്ഞു.

പരാതിയിൽ, പ്രതികൾക്കെതിരെ ഐ.പി.സി 34, 294, 323, 506 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, മറ്റ് പ്രതികളേയും ഉടൻ പിടികൂടണം എന്ന് ഷ​ഹബാസ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here