ട്രാഫിക് നിയമലംഘനം എവിടെക്കണ്ടാലും കേസെടുക്കാം, അതിര്‍ത്തിയും അധികാരപരിധിയും നോക്കേണ്ട, ഉത്തരവുടന്‍

0
164

സ്വന്തം അധികാരപരിധിയില്‍ അല്ലെങ്കില്‍പ്പോലും കേരളത്തിലെവിടെയും കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കേസെടുക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ വിളിച്ച ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, ജോയന്റ് ആര്‍.ടി.ഒ., ആര്‍.ടി.ഒ. എന്നീ തസ്തികകളിലുള്ളവര്‍ക്കാണ് കേസെടുക്കാനുള്ള അധികാരം. ഇത് നടപ്പാകുന്നതോടെ ഏതുസ്ഥലത്തും ഏതുസമയത്തും യാദൃച്ഛികമായി ഗതാഗതനിയമലംഘനങ്ങള്‍ കണ്ടാല്‍ കേസെടുക്കാനാകും. എന്നാല്‍ അധികാരപരിധിക്കു പുറത്ത് വാഹനപരിശോധന നടത്താന്‍ ഇവര്‍ക്ക് കഴിയില്ല.
ഉദാഹരണത്തിന് കൊല്ലത്ത് ഹെല്‍മെറ്റ് ഇല്ലാതെ പോകുന്ന യാത്രക്കാരനെതിരേ അതുവഴി യാത്ര ചെയ്യുന്ന കോഴിക്കോട്ടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കേസെടുക്കാനാകും. ഇരുചക്രവാഹനത്തില്‍ രണ്ടുപേരിലധികം യാത്ര ചെയ്യുക, രൂപമാറ്റം വരുത്തിയ വാഹനം ഓടിക്കുക, അലക്ഷ്യമായ ഡ്രൈവിങ്, ട്രാഫിക് സിഗ്‌നല്‍ ലംഘിച്ച് യാത്ര ചെയ്യുക, നിശ്ചിതരീതിയിലല്ലാത്ത നമ്പര്‍ പ്ലേറ്റ് വെക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കൊക്കെ കേസെടുക്കാം.

ഉദ്യോഗസ്ഥന്‍ മൊബൈല്‍ ഫോണില്‍ ട്രാഫിക് നിയമലംഘനത്തിന്റെ ഫോട്ടോയെടുത്ത് ഓണ്‍ലൈനില്‍ കേസ് ചാര്‍ജ് ചെയ്യുകയാണ് ചെയ്യുക. ഇതിന്റെ സന്ദേശം വാഹന ഉടമയ്ക്ക് ഉടന്‍തന്നെ എസ്.എം.എസ്. ആയി ലഭിക്കും. പിഴ ഓണ്‍ലൈനില്‍ അടയ്ക്കാവുന്നതാണ്. രണ്ടാഴ്ച കഴിഞ്ഞ് ഓര്‍മപ്പെടുത്തല്‍ സന്ദേശംകൂടി അയയ്ക്കും. ഒരുമാസത്തിനകം തുക അടച്ചില്ലെങ്കില്‍ കേസ് കോടതിയിലേക്ക് പോകും. പിന്നീട് ഓണ്‍ലൈനില്‍ അടയ്ക്കാന്‍ കഴിയില്ല. നിര്‍ദേശം നടപ്പാക്കുന്നതിലെ പ്രശ്‌നം പല വാഹനഉടമകളും നല്‍കിയിട്ടുള്ള ഫോണ്‍ നമ്പറുകള്‍ കൃത്യമായിരിക്കില്ല എന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here