കാണാതായ വനിതാ ക്രിക്കറ്റ് താരം കാട്ടില്‍ മരിച്ചനിലയില്‍

0
272

ഭുവനേശ്വര്‍: ഒഡിഷയിൽ കാണാതായ വനിതാ ക്രിക്കറ്റ് താരം രാജശ്രീ സ്വെയ്നെ കാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ജനുവരി 11നാണ് രാജശ്രീയെ കാണാതായത്. കട്ടക്കിന് സമീപം ഗുരുദിജാട്ടിയ വനത്തിൽ മരത്തിൽ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് കട്ടക്ക് ഡെപ്യൂട്ടി കമ്മീഷണര്‍ പിനക് മിശ്ര പറഞ്ഞു.

ബജ്രകബതിയിൽ ഒഡിഷ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിശീലന ക്യാമ്പിൽ പങ്കെടുക്കവേയാണ് രാജശ്രീയെ കാണാതായത്. പുതുച്ചേരിയിൽ നടക്കാനിരിക്കുന്ന ദേശീയതല ക്രിക്കറ്റ് ടൂർണമെന്റിനുള്ള ടീമിനെ തെരഞ്ഞെടുക്കാനായിട്ടായിരുന്നു പരിശീലന ക്യാമ്പ്. രാജശ്രീയെ കാണാനില്ലെന്ന് പരിശീലകന്‍ വ്യാഴാഴ്ചയാണ് മംഗ്ലബാഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ജനുവരി 10ന് വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചെങ്കിലും അന്തിമ പട്ടികയിൽ രാജശ്രീയുടെ പേര് ഉണ്ടായിരുന്നില്ല. അടുത്ത ദിവസം രാജശ്രീ പരിശീലനത്തിന് എത്തിയില്ലെന്നും പിതാവിനെ കാണാനായി പുരിയിലേക്ക് പോവുകയാണെന്ന് അറിയിച്ചെന്നും കോച്ച് പൊലീസിനോട് പറഞ്ഞു.

രാജശ്രീയുടെ സ്കൂട്ടര്‍ വനത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. രാജശ്രീയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു. ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടെന്നും കണ്ണിന് പരിക്കേറ്റിരുന്നുവെന്നും കുടുംബം പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല. എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here