‘ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു’; സോഷ്യല്‍ മീഡിയയിലെ പ്രമോഷനുകൾക്ക് നിയന്ത്രണം, ലംഘിച്ചാൽ 50 ലക്ഷം വരെ പിഴ

0
165

ന്യൂഡൽഹി: സെലിബ്രിറ്റികളും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്സും സമൂഹ മാധ്യമങ്ങളിലൂടെ ഉത്പ്പന്നങ്ങളെയും സേവനങ്ങളെയും പ്രോത്സാഹിക്കുന്നതു വഴി തെറ്റിദ്ധാരണകൾ വ്യാപിക്കുന്നത് തടയാൻ നടപടിയുമായി കേന്ദ്രം. ഇത്തരത്തിൽ വിവിധ ബ്രാൻഡുകളിൽ നിന്ന് സ്വീകരിക്കുന്ന ആനുകൂല്യങ്ങളും മറ്റും അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിർബന്ധമായും മുന്നറിയിപ്പായി വെളിപ്പെടുത്തണം. ഇത് ലംഘിക്കുന്നവർക്ക് 50 ലക്ഷം രൂപ വരെ പിഴ ചുമത്തും. ഉത്പന്നങ്ങൾക്ക് ആറു വർഷം വരെ വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും.

കേന്ദ്ര ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗാണ് ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിൽ പുറത്തിറക്കിയത്. ‘എൻഡോസ്‌മെന്റ് നോ ഹൗസ്’ എന്നാണ് പുതിയ മാർഗനിർദേശങ്ങൾക്ക് നൽകിയിരിക്കുന്ന പേര്.

പണം മറ്റ് പ്രതിഫലങ്ങൾ, യാത്രകൾ/ ഹോട്ടൽ താമസം, മീഡിയ ബാർട്ടറിങ്, അവാർഡുകൾ, സൗജന്യ ഉത്പന്നങ്ങൾ, കിഴിവുകൾ, സമ്മാനങ്ങൾ, ഏതെങ്കിലും കുടുംബപരമോ വ്യക്തിപരമോ തൊഴിൽപരമോ ആയ ബന്ധങ്ങൾ എന്നിവ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആനുകൂല്യങ്ങളായി കണക്കാക്കുമെന്ന് കേന്ദ്രം പറയുന്നു. പരസ്യം, സ്‌പോൺസർ ചെയ്യുന്നവ, പെയ്ഡ് പ്രമോഷൻ തുടങ്ങിയവ വ്യക്തമായി പ്രദർശിപ്പിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. വിവരങ്ങൾ ലളിതവും വ്യക്തമാകുന്ന ഭാഷയിലായിരിക്കണമെന്നടക്കം നിർദേശങ്ങളിൽ പറയുന്നു.

ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെയും സോഷ്യൽ മീഡിയയുടെയും വർദ്ധിച്ചുവരുന്ന വ്യാപനത്തോടെ, അന്യായമായ വ്യാപാര രീതികളിലൂടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള അപകടസാധ്യത വർദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ട്. അതിനാൽ ഇത്തരം പ്രക്രിയകളിൽ സുതാര്യത കൊണ്ടുവരുന്നതിനും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമായാണ് നടപടിയെന്ന് കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here