മൂന്നാറില്‍ അതിശൈത്യവും മഞ്ഞുവീഴ്ചയും രണ്ടാംദിവസവും തുടരുകയാണ്. തേയിലത്തോട്ടങ്ങളില്‍ മഞ്ഞുവീഴ്ച വ്യാപകമാണ്. കന്നിമലയില്‍ താപനില മൈനസ് മൂന്നുഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണിത്.
ദേവികുളം ഫാക്ടറി ഡിവിഷന്‍, ഒ.ഡി.കെ., ലാക്കാട് എന്നിവിടങ്ങളില്‍ ബുധനാഴ്ച രാവിലെ മൈനസ് രണ്ടു ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ചെണ്ടുവര, പെരിയവര എന്നിവിടങ്ങളില്‍ മൈനസ് ഒന്നും.
പാമ്പാടുംചോല നാഷണല്‍ പാര്‍ക്കില്‍ ചൊവ്വാഴ്ച രാത്രി മൈനസ് ഒരു ഡിഗ്രി രേഖപ്പെടുത്തി. ബുധനാഴ്ച പുലര്‍ച്ചെ മൈനസ് 2.4 ഡിഗ്രിയായി.
അത്യപൂര്‍വമായ കാലാവസ്ഥ കാരണം കൊണ്ടുതന്നെ മൂന്നാറിലേക്കും സമീപ പ്രദേശങ്ങളിലേക്കും സഞ്ചാരികളുടെ പ്രവാഹമാണ്. കൂടുതലും നോര്‍ത്തിന്ത്യന്‍ സഞ്ചാരികളാണ് മൂന്നാറിന്റെ കുളിരിലേക്ക് താമസത്തിനായി എത്തിയിരിക്കുന്നത്. മലയാളികളും ഏറെ എത്തുന്നുണ്ട്.
രാവിലെ മഞ്ഞുമൂടിയ നിലയില്‍ കാണപ്പെട്ട പുല്‍മേടുകള്‍ സന്ദര്‍ശിക്കുവാന്‍ നിരവധി സഞ്ചാരികളാണ് എത്തുന്നത്. അതിശൈത്യം എത്തിയതോടെ തെയില തോട്ടങ്ങള്‍ നേര്‍ത്ത മഞ്ഞ് മൂടി വെളുത്ത നിറത്തിലാണ് കാണപ്പെട്ടത്. വരും ദിവസങ്ങളില്‍ തണുപ്പ് ശക്തമാകുമെന്നാണ് കരുതുന്നത്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഡിസംബറില്‍ മൂന്നാറില്‍ സ്വാഭാവികമായുള്ള തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല. പകരം ജനുവരി പകുതിയോടടുത്തപ്പോഴാണ് ഇത്തരത്തില്‍ കടുത്ത ശൈത്യം രേഖപ്പെടുത്തുന്നത്.